പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവന; വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവന; വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. പാകിസ്ഥാനുമായി യുദ്ധം ആവശ്യമില്ല എന്ന സിദ്ധരാമയ്യയുടെ പരാമര്‍ശം പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഏറ്റെടിത്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം നൽകിയത്. പാകിസ്ഥാനുമായി യുദ്ധം പൂര്‍ണമായും വേണ്ടെന്നല്ല പറഞ്ഞതെന്നും അനിവാര്യമെങ്കില്‍ യുദ്ധം സംഭവിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇപ്പോള്‍ യുദ്ധത്തിന്റെ ആവശ്യമില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ശത്രുവിനെ കീഴ്‌പ്പെടുത്താനുള്ള മറ്റെല്ലാ മാര്‍ഗ്ഗങ്ങളും പരാജയപ്പെട്ടാല്‍ മാത്രമേ ഏതൊരു രാജ്യവും അവസാന ആശ്രയമെന്ന നിലയ്ക്ക് യുദ്ധത്തിലേക്ക് പോകാവൂ എന്ന് സിദ്ധരാമയ്യ പറഞ്ഞു. പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്ന ഭീകരര്‍ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയത് നമ്മുടെ ഇന്റലിജന്‍സ്, സുരക്ഷാ സംവിധാനങ്ങളിലെ പരാജയം മൂലമാണെന്ന് രാജ്യത്തെ ജനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഇപ്പോള്‍ വ്യക്തമാണ്. ഈ വീഴ്ച ആദ്യ തിരുത്താനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാനും കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ചിട്ടുള്ള നയതന്ത്രപരമായ നടപടികളെ സിദ്ധരാമയ്യ സ്വാഗതം ചെയ്തു. യുദ്ധഭ്രാന്ത് പടര്‍ത്തുകയും സാമുദായിക ഐക്യം തകര്‍ക്കുകയും ചെയ്യുന്ന ദുഷ്ടശക്തികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തെ ഇന്റലിജന്‍സ് പരാജയത്തിന്റെ ഫലമാണെന്നും പാകിസ്ഥാനുമായി ഒരു യുദ്ധത്തിന്റെ ആവശ്യമില്ലെന്നും ശനിയാഴ്ചയാണ് സിദ്ധരാമയ്യ പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണിതെന്നും ഇപ്പോള്‍ യുദ്ധത്തിന്റെ ആവശ്യമില്ലെന്നും സിദ്ധരാമയ്യ അന്ന് പറഞ്ഞു. ഇത് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഈ പരാമര്‍ശം ഏറ്റെടുത്ത് രംഗത്തുവന്നതോടെ കടുത്ത വിമര്‍ശനമാണ് സിദ്ധരാമയ്യയ്ക്കു നേരെ ഉണ്ടായത്.

 

TAGS: KARNATAKA | SIDDARAMIAH
SUMMARY: Siddaramiah clears his statement on no war with Pakistan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *