മംഗളൂരുവിൽ വർഗീയ വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ

മംഗളൂരുവിൽ വർഗീയ വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു:  സുഹാസ് ഷെട്ടി വധത്തിന് പിന്നാലെ മംഗളൂരുവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വർഗീയത വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ. വർഗീയ സംഘർഷാവസ്ഥ നിലനിൽക്കുന്ന ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ കേന്ദ്രീകരിച്ചാകും ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുകയെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു. സമാധാനം നിലനിർത്താനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും നക്‌സൽ വിരുദ്ധ സേനയുടെ മാതൃകയിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നത്. ഒരാഴ്ചയ്ക്കകം ഫോഴ്സ് നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് മംഗളുരുവിൽ സംഘർഷാവസ്ഥ നിലനിൽക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വർഗീയ അക്രമങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ടാസ്‌ക് ഫോഴ്‌സിന് സ്വാതന്ത്ര്യമുണ്ടായിരിക്കും. നിയമാനുസൃതമായ എല്ലാ അധികാരങ്ങളും അവർക്ക് ഉറപ്പാക്കുമെന്നും പരമേശ്വര പറഞ്ഞു. വർഗീയമായി പ്രസംഗിക്കുകയോ പ്രചരണം നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. തീരദേശ മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിച്ച് സമാധാനം കൊണ്ടുവരികയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഹാസ് ഷെട്ടിയെ മെയ് ഒന്നിന് വൈകിട്ടാണ് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുഹാസ് സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS: KARNATAKA | COMMUNAL VIOLENCE
SUMMARY: Govt to form anti communal task force in Mangalore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *