പൂരലഹരിയില്‍ മുങ്ങി തൃശൂര്‍; വര്‍ണവിസ്മയം തീര്‍ത്ത് കുടമാറ്റം

പൂരലഹരിയില്‍ മുങ്ങി തൃശൂര്‍; വര്‍ണവിസ്മയം തീര്‍ത്ത് കുടമാറ്റം

തൃശൂർ: ജനസാഗരത്തെ ആവേശത്തിലാഴ്ത്തി ഇലഞ്ഞിത്തറ മേളത്തിന് പരിസമാപ്തി. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലുമെല്ലാം ചേര്‍ന്നുള്ള താളമേള വിസ്മയത്തില്‍ തൃശൂർ നഗരം ഒന്നാകെ അലിയുന്ന കാഴ്ചയാണ് കാണാനായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലാണ് ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയത്‌.

അഞ്ചരയോടെ തെക്കേ ഗോപുരനടയിലാണ് കുടമാറ്റത്തിന് അരങ്ങൊരുങ്ങിയത്. പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും കുടമാറ്റം തുടരുകയാണ്. കണിമംഗലം ശാസ്താവ് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയതോടെയാണ് പൂരം തുടങ്ങിയത്. പിന്നാലെ മറ്റ് ഘടകദൈവങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തി. തിരുവമ്പാടി ഭഗവതി കൃത്യസമയത്തുതന്നെ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടിരുന്നു.

മഠത്തിലെ പൂജകള്‍ക്കുശേഷം പുറത്തിറങ്ങിയ ഭഗവതിക്കുമുന്നില്‍ മഠത്തില്‍വരവ് പഞ്ചവാദ്യം കൊട്ടിക്കയറി. കുടമാറ്റം കഴിയുമ്പോഴേക്കും രാത്രിപ്പൂരത്തിന്റെ സുന്ദരകാഴ്ചകള്‍ പിറക്കും. രാത്രി 11 മണിക്ക് പാറമേക്കാവിന്റെ പഞ്ചവാദ്യവുമുണ്ടാകും. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വെടിക്കെട്ട് നടക്കുക. നാളെ പകല്‍പ്പൂരവും പിന്നിട്ട്, ഉച്ചയോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലുന്നതോടെയാണ് പൂരം പിരിയുക.

TAGS : THRISSUR POORAM
SUMMARY : Thrissur immersed in the joy of the festival

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *