പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പാകിസ്ഥാനുമായി വെടിനിർത്തലിന് ധാരണയായെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. കര, വ്യോമ, നാവിക സേനകൾ വഴിയുള്ള സൈനിക നടപടികൾ അവസാനിപ്പിച്ചു. ഇന്നുവൈകിട്ട് അഞ്ചുമണി മുതൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായും വിക്രം മിസ്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഹ്രസ്വമായ വാർത്താസമ്മേളനത്തിൽ വിക്രം മിസ്രി വിശദാംശങ്ങൾ നൽകി.

“ഇന്ന് ഉച്ചയ്ക്ക് 3:35 ന് പാകിസ്ഥാൻ ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ വിളിച്ചു. കരയിലും, നാവിക, വ്യോമ മേഖലകളിലും ഇരു വിഭാഗവും വൈകുന്നേരം 5 മണി മുതൽ വെടിവയ്പ്പും സൈനിക നടപടികളും അവസാനിപ്പിക്കാൻ ധാരണയായി. ഈ ധാരണ നടപ്പാക്കാൻ ഇരുവശത്തും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ മെയ് 12 ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും കൂടിക്കാഴ്ച നടത്തും” – അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും പാകിസ്താനും തങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തലിന് സമ്മതിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് വൈകുന്നേരം ആറു മണിക്കുള്ള വാർത്താ സമ്മേളനത്തിൽ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ, വെടിനിർത്തൽ അഭ്യർഥനയുമായി സമീപിച്ചത് പാകിസ്ഥാനാണെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ആക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിൽ പാകിസ്ഥാനിൽ നിന്നുള്ള ഭീകര സംഘടനകളാണെന്ന് ഇന്ത്യ ശക്തമായി ആരോപിച്ചു. ഇതിന് മറുപടിയായി മെയ് 7 ന് ഇന്ത്യ “ഓപ്പറേഷൻ സിന്ദൂർ” എന്ന സൈനിക നീക്കത്തിലൂടെ പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തു. ഇതിനുശേഷം പാകിസ്ഥാൻ ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ ഷെല്ലാക്രമണവും മിസൈൽ ആക്രമണവും നടത്തി. മൂന്ന് ദിവസത്തോളം യുദ്ധസമാനമായ സ്ഥിതി നിലനിന്നിരുന്നതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിത വെടിനിർത്തൽ പ്രഖ്യാപനം വരുന്നത്.

<br>
TAGS : INDIA PAKISTAN CONFLICT | CEASEFIRE
SUMMARY : Central government announces ceasefire with Pakistan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *