സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജിയിൽ കോടതി ഉത്തരവ് നാളെ

സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജിയിൽ കോടതി ഉത്തരവ് നാളെ

ബെംഗളൂരു: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കന്നഡ നടി രന്യ റാവുവിന്റെ ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയും. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് ഹർജി പരിഗണിച്ചത്. മാര്‍ച്ച് മൂന്നിന് ഡിആര്‍ഐയുടെ പിടിയിലായ നടി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിൽ കഴിയുകയാണ്.

2.56 കോടി രൂപ വിലവരുന്ന 14.2 കിലോ ഗ്രാം സ്വര്‍ണവുമായാണ് രന്യയെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ട ദിവസം രന്യക്കൊപ്പം ബെല്ലാരി സ്വദേശിയായ വ്യവസായി സാഹില്‍ സക്കറിയ ജെയ്‌നാണ് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം രാജ്യത്തിനകത്ത് വിറ്റഴിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നയാളാണ് സാഹില്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

നേരത്തെ, മാർച്ച് 14 ന് ബെംഗളൂരുവിലെ പ്രത്യേക കോടതി ഇവരുടെ ജാമ്യഹർജി തള്ളിയിരുന്നു. പിന്നീട് മാർച്ച് 27 ന് സെഷൻസ് കോടതിയും ഇവർക്ക് ജാമ്യം നിഷേധിച്ചു. ഇതിനു പിന്നാലെ കർണാടക ഹൈക്കോടതിയിലും നടിക്ക് ജാമ്യം നിഷേധിച്ചിരുന്നു. രന്യയുടെ അറസ്റ്റിന് തൊട്ടുപിന്നാലെയായിരുന്നു സുഹൃത്ത് തരുണ്‍ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് തരുൺ രാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് തരുണ്‍. കര്‍ണാടകയിലെ ഹോട്ടല്‍ ഉടമയുടെ കൊച്ചുമകനായ തരുണും രന്യയും ആദ്യം സുഹൃത്തുക്കളായിരുന്നു, പിന്നീട് രന്യയുടെ വിവാഹത്തോടെ ഇരുവരും പിരിഞ്ഞെങ്കിലും സ്വര്‍ണക്കടത്തില്‍ ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയത്.

TAGS: BENGALURU | GOLD SMUGGLING
SUMMARY: Special court in bangalore to hear bail plea of ranya rao

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *