അല്പം ഭാവനകലര്‍ത്തി പറഞ്ഞതാണ്, പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ചിട്ടില്ല; മലക്കംമറിഞ്ഞ് ജി സുധാകരൻ

അല്പം ഭാവനകലര്‍ത്തി പറഞ്ഞതാണ്, പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ചിട്ടില്ല; മലക്കംമറിഞ്ഞ് ജി സുധാകരൻ

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ പോസ്റ്റൽ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന പ്രസ്താവന വന്‍ വിവാദമായതോടെ നിലപാടില്‍നിന്ന് മലക്കംമറിഞ്ഞ് ജി. സുധാകരന്‍. ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ അല്പം ഭാവന കലര്‍ത്തിപ്പറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കടക്കരപ്പള്ളിയിൽ സിപിഐ സംഘടിപ്പിച്ച കുടുംബസംഗമത്തിന്‍റെ ഉദ്​ഘാടനപ്രസംഗത്തിലാണ്​  സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്നത് പൊതുവേ പറഞ്ഞതാണ്. അത് അല്പം ഭാവന കലര്‍ത്തിപ്പറഞ്ഞതാണ്. അങ്ങനെ സംഭവിച്ചിട്ടില്ല. ഒരു ബാലറ്റും ആരും തിരുത്തുകയോ തുറന്നുനോക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ അതിനൊന്നും പങ്കെടുത്തിട്ടുമില്ല, ഇന്നുവരെ കള്ളവോട്ട് ചെയ്തിട്ടുമില്ല. ഞാന്‍ 20 വര്‍ഷം എംഎല്‍എയായിട്ടുണ്ട്. ഒരിക്കല്‍പ്പോലും കള്ളവോട്ട് ചെയ്യാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല’, സുധാകരന്‍ പറഞ്ഞു.

1989ൽ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിക്കുവേണ്ടി തപാൽവോട്ടുകൾ പൊട്ടിച്ച്​ തിരുത്തിയെന്നാണ് ജി. സുധാകരൻ വെളിപ്പെടുത്തിയത് ആലപ്പുഴയിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പൂർവകാല നേതൃസംഗമത്തിലായിരുന്നു വെളിപ്പെടുത്തൽ..’സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെ എസ് ടി എയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ. ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ഞാൻ ഉൾപ്പെടെയുള്ളവർ ചേർന്ന് പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്ന് സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15 ശതമാനം ദേവദാസിന് എതിരായിരുന്നു. ഇവ തിരുത്തി.ഞങ്ങളുടെ പക്കൽ തന്ന പോസ്റ്റൽ ബാലറ്റുകൾ വെരിഫൈ ചെയ്ത് തിരുത്തി. സർവീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂർണമായി പാർട്ടി സ്ഥാനാർത്ഥിക്ക് ലഭിക്കാറില്ല. ഒട്ടിച്ച് തന്നാൽ അറിയില്ലെന്ന് കരുതേണ്ട, ഞങ്ങൾ അത് പൊട്ടിക്കും. ഇലക്ഷന് പോസ്റ്റൽ ബാലറ്റ് കിട്ടുമ്പോൾ മറ്റാർക്കും ചെയ്യരുത്. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ എനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ല’ എന്നായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തൽ.

സംഭവം ചര്‍ച്ചയായതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുധാകരന്റെ പുന്നപ്രയിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. പിന്നാലെ തനിക്ക് ഭയമില്ലെന്നും കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് നടന്ന സിപിഐ പൊതുപരിപാടിയിലാണ് പഴയ പ്രസ്താവനകളിൽനിന്ന് പിൻവാങ്ങിയുള്ള പ്രസംഗം. അമ്പലപ്പുഴ തഹസില്‍ദാര്‍ കെ. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുധാകരന്റെ മൊഴിയെടുത്തത്. മൊഴിയുടെ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറും.
<BR>
TAGS : G SUDHAKARAN
SUMMARY : G Sudhakaran recants claim of postal ballot tampering in 1989election, after become-controversy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *