ബെംഗളൂരു ഇസ്കോൺ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തർക്കം; വിധി പറഞ്ഞ് സുപ്രീം കോടതി

ബെംഗളൂരു ഇസ്കോൺ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തർക്കം; വിധി പറഞ്ഞ് സുപ്രീം കോടതി

ബെംഗളൂരു: ബെംഗളൂരു ഇസ്കോൺ ഹരേ കൃഷ്ണ ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞ് സുപ്രീം കോടതി. ഇസ്കോൺ ബെംഗളൂരുവും ഇസ്കോൺ മുംബൈയും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിനാണ് ഇതോടെ തീർപ്പായത്. ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം ഇസ്കോൺ ബെംഗളൂരുവിനാണെന്ന് ജസ്റ്റിസുമാരായ അഭയ് ഓഖ, അഗസ്റ്റിൻ ജോർജ് മസി എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു. ഇസ്കോൺ മുംബൈയ്ക്ക് അനുകൂലമായിരുന്ന കർണാടക ഹൈക്കോടതിയുടെ വിധി തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. ക്ഷേത്രത്തിൻ്റെ അധികാരവുമായി ബന്ധപ്പെട്ട് 24 വർഷമായി തർക്കം നിലനിൽക്കുകയായിരുന്നു.

കർണാടക സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം 1978ൽ രജിസ്റ്റർ ചെയ്ത സൊസൈറ്റിയാണ് ഇസ്കോൺ ബെംഗളൂരു. 1950ലെ ബോംബെ പബ്ലിക് ട്രസ്റ്റ് ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തതാണ് ഇസ്കോൺ മുംബൈ. 1988 ഓഗസ്റ്റ് മൂന്നിന് ഹരേ കൃഷ്ണ ഹിൽസിലെ ബെംഗളൂരു ഡെവലപ്മൻ്റ് അതോറിറ്റിയുടെ ഭൂമി സ്വന്തമാക്കി ഭക്തരുടെ സംഭാവന ഉപയോഗിച്ചാണ് ക്ഷേത്രവും സാംസ്കാരിക കോംപ്ലക്സും നിർമിച്ചതെന്നായിരുന്നു ഇസ്കോൺ ബെംഗളൂരു ചൂണ്ടിക്കാട്ടിയിരുന്നത്.

2009 ഏപ്രിൽ 17ന് ഇസ്കോൺ ബെംഗളൂരുവിന് അനുകൂലമായ വിചാരണ കോടതി വിധിക്കെതിരെ 2011 മെയിലാണ് ഇസ്കോൺ മുംബൈ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. രാജാജിനഗറിലെ ഹരേ കൃഷ്ണ ഹിൽസിലുള്ള ക്ഷേത്രത്തിൻ്റെ ഉടമ ഇസ്കോൺ ബെംഗളൂരു ആണെന്നായിരുന്നു വിചാരണാ കോടതിയുടെ വിധി. ക്ഷേത്രത്തിൻ്റെ പ്രവർത്തനങ്ങളിൽ ഇസ്കോൺ മുംബൈ ഇടപെടുന്നത് കോടതി തടഞ്ഞിരുന്നു. എന്നാൽ 2011 മെയ് 23ന് ഇസ്കോൺ മുംബൈയ്ക്ക് അനുകൂലമായി കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചു. ഇതു ചോദ്യംചെയ്ത് 2011 ജൂൺ രണ്ടിനാണ് ഇസ്കോൺ ബെംഗളൂരു സുപ്രീം കോടതിയെ സമീപിച്ചത്.

TAGS: BENGALURU | SUPREME COURT
SUMMARY: Supreme Court backs Iskcon Bangalore over Mumbai in Hare Krishna temple dispute

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *