ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണതിന് ഒരുങ്ങി വത്തിക്കാൻ. ഇന്ന്‌ നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങില്‍ 200 – ലധികം വിദേശ ഔദ്യോഗിക പ്രതിനിധികള്‍ വത്തിക്കാനില്‍ സംഗമിക്കും. ഇറ്റലിയിലും വത്തിക്കാനിലും കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. വത്തിക്കാനില്‍ ഏകദേശം 6000 പോലീസ് ഉദ്യോഗസ്ഥരും 1000 സന്നദ്ധപ്രവർത്തകരും ഡ്യൂട്ടിയിലുണ്ടാകും.

രാവിലെ 10 ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന കുർബാനയിലും സ്ഥാനാരോഹണ ചടങ്ങുകളിലും വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യുഎസ് പ്രതിനിധി സംഘത്തെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്രാൻസിസ് പോപ്പ് മരിക്കുന്നതിന് തലേദിവസം അദ്ദേഹത്തെ സന്ദർശിച്ച വാൻസ്, യുഎസില്‍ നിന്നുള്ള ചരിത്രത്തിലെ ആദ്യത്തെ പോപ്പ് ആയ ലിയോ പതിനാലാമനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അഭ്യർഥിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുള്‍പ്പെടെ ഇറ്റലിയിലെ ഏറ്റവും ഉയർന്ന നേതാക്കള്‍ സ്ഥാനാരോഹണ ചടങ്ങില്‍ രാജ്യത്തെ പ്രതിനിധീകരിക്കും.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, പുതിയ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലെയ്ൻ, പുതിയ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗ്, ലെബനൻ പ്രസിഡന്റ് ജോസഫ് ഔണ്‍ എന്നിവരും പങ്കെടുക്കും. യുക്രയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.

ഫ്രാൻസിസ് പാപ്പയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത ചാള്‍സ് രാജാവും മകൻ പ്രിൻസ് വില്യമും പുതിയ പോപ്പിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബക്കിങ്ങാം കൊട്ടാരം അറിയിച്ചിട്ടുണ്ട്. എലിസബത്ത് രണ്ടാമന്റെ ഇളയ മകൻ പ്രിൻസ് എഡ്വേർഡ് ബ്രിട്ടനെ പ്രതിനിധീകരിച്ച്‌ ചടങ്ങിനെത്തും.

TAGS : POPE LEO XIV
SUMMARY : Pope Leo XIV’s inauguration today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *