കബ്ബൺ പാർക്കിൽ പ്രവേശിക്കുന്നവർക്ക് ഇനിമുതൽ പുതിയ മാർഗനിർദേശം

കബ്ബൺ പാർക്കിൽ പ്രവേശിക്കുന്നവർക്ക് ഇനിമുതൽ പുതിയ മാർഗനിർദേശം

ബെംഗളൂരു: ബെംഗളൂരു കബ്ബൺ പാർക്കിലേക്ക് പ്രവേശിക്കുന്നവർക്ക് ഇനിമുതൽ പുതിയ മാർഗനിർദേശം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 500 രൂപ പിഴ ചുമത്താനും ഇത് ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചതായി ഹോർട്ടികൾച്ചർ വകുപ്പ് ഡയറക്ടറുടെ അറിയിച്ചു. സുവർണ കർണാടക ഉദ്യാനവനഗല പ്രതിഷ്ഠാനയുടെ (എസ്കെയുപി) അക്കൗണ്ടിലേക്കാണ് പിഴത്തുക നിക്ഷേപിക്കുക.

വായന, യോഗ, മെഡിറ്റേഷൻ, ഒത്തുകൂടൽ, പെയിൻ്റിങ് എന്നീ പരിപാടികൾ കബ്ബൺ പാർക്കിന്റെ ബിഎസ്എൻഎൽ പ്രവേശന കവാടം മുതൽ ഗസീബോ വരെയുള്ള 15 ഏക്കർ സ്ഥലത്തും ഹൈക്കോടതിയുടെ പാർക്കിങ് സ്ഥലത്തേക്കുള്ള ഡ്രെയിനിനോട് ചേർന്നുള്ള പാലത്തിലും നടത്താം. പരിപാടിയിൽ 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നുണ്ടെങ്കിൽ, കബ്ബൺ പാർക്കിലെ ഹോർട്ടികൾച്ചർ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി നിർബന്ധമാണ്.

വാക്കത്തോൺ, മാരത്തോൺ, സ‍ർക്കാർ വകുപ്പുകൾ നടത്തുന്ന ബോധവൽകരണ പരിപാടികൾ, യോഗ, മെഡിറ്റേഷൻ എന്നീ പരിപാടികളിൽ പരമാവധി 10 പേർക്ക് പങ്കെടുക്കാം. പരിസ്ഥിതി സൗഹൃദമായ പെയിൻ്റിങ് അനുമതിയോടെ നടത്താം. ഭാരമേറിയ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കച്ചവടം, പുകവലി, മദ്യം, ലഹരി വസ്തുക്കൾ, പൂജാ സാധനങ്ങൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, പാഴ്സൽ ചെയ്ത ഭക്ഷണം എന്നിവ പാർക്കിൽ പാടില്ല. കൂടാതെ, ബാനറുകളും പോസ്റ്ററുകളും പതിപ്പിക്കൽ, മൂത്രമൊഴിക്കൽ, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത്, പടക്കം പൊടിക്കൽ, അപകടകരമായ വസ്തുക്കളുടെ ഉപയോഗം എന്നിവയും പാടില്ല.

വായു, ജല, ശബ്ദ മലിനീകരണത്തിന് കാരണമാകുന്ന ഒരു പരിപാടികളും നടത്താൻ പാടില്ല. ഭിക്ഷാടനം, കൈനോട്ടം, പണപ്പിരിവ്, വാർത്താസമ്മേളനം, ഐക്യദാ‍ർഢ്യ പരിപാടികൾ, പിറന്നാളാഘോഷം, മറ്റ് ആഘോഷ പരിപാടികൾ എന്നിവയ്ക്കും വിലക്കുണ്ട്. പാർക്കിലെ ബെഞ്ചുകളും തൂണുകളും ഉപയോഗിച്ചു വ്യായാമം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

TAGS: BENGALURU | CUBBON PARK
SUMMARY: Cubbon park sets new guideline for visitors

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *