മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ നജിമുദ്ദീൻ അന്തരിച്ചു

മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ നജിമുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജിമുദ്ദീൻ (72) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. 1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജിമുദ്ദീൻ.

അന്നത്തെ ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജിമുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. രണ്ട് സൗഹൃദ മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായവും നജിമുദ്ദീൻ അണിഞ്ഞിട്ടുണ്ട്. കേരള ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായാണ് നജിമുദ്ദീൻ പ്രശസ്തി നേടിയത്.

1953 ൽ കൊല്ലം തേവള്ളിയിലാണ് ജനനം. 1972 ൽ കേരള യൂണിവേഴ്സിറ്റി താരമായി ഫുട്ബോളിലേക്ക് ചുവടുവെച്ച അദ്ദേഹം പിന്നീടങ്ങോട്ട് കേരളത്തിന്റെ സ്റ്റാർസ്ട്രൈക്കറായി മാറി. 73 ൽ ട്രാവൻകൂർ ടൈറ്റാനിയത്തിനായി ബൂട്ടുകെട്ടി തുടങ്ങുന്നതുമുതലാണ് നജിമുദ്ദീന്റെ കരിയർ മാറുന്നത്. 2009 ൽ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു.

TAGS: KERALA | FOOTBALL
SUMMARY: Former Kerala football team captain A Najmuddin passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *