വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് സിറാജുദ്ദീന് ജാമ്യം

വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് സിറാജുദ്ദീന് ജാമ്യം

മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിമാൻഡിലായിരുന്ന ഭർത്താവ് സിറാജുദ്ധീന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, മുൻ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതിനാലും പ്രതിയെ കസ്റ്റഡിയില്‍ നിർത്തി വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിക്കാത്തതിനാലും ജാമ്യം അനുവദിക്കുകയായിരുന്നു.

ഏപ്രില്‍ അഞ്ചിനാണ് ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ പ്രസവത്തെത്തുടർന്ന് അസ്മ മരിച്ചത്. സംഭവം പോലീസില്‍ അറിയിക്കാതെ മൃതദേഹം സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. സംസ്കാരം തടഞ്ഞ പെരുമ്പാവൂർ പോലീസ്, മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കുമാറ്റി. അശാസ്ത്രീയ പ്രസവമെടുപ്പാണ് അസ്മയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു.

തുടർന്ന് അസ്മയുടെ മാതൃസഹോദരൻ മുഹമ്മദ് കുഞ്ഞ് നല്‍കിയ പരാതിയില്‍ ഏപ്രില്‍ ഏഴിന് സിറാജുദ്ദീനെ പോലീസ് അറസ്റ്റു ചെയ്തു. ഇതുവരെ ഇയാള്‍ റിമാൻഡില്‍ കഴിയുകയായിരുന്നു. വീട്ടില്‍ പ്രസവിക്കുന്നത് കുറ്റമല്ലെങ്കിലും ചികിത്സ നല്‍കാത്തതിനാല്‍ അമ്മയ്ക്കോ കുഞ്ഞിനോ അപകടമുണ്ടായാല്‍ അത് ക്രിമിനല്‍ കുറ്റമാണ്. അതനുസരിച്ച്‌ കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു സിറാജുദ്ദീനെതിരേ പോലീസ് ചുമത്തിയിരുന്നത്.

വീട്ടുപ്രസവം പോലെയുള്ള ദുരാചാരങ്ങള്‍ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കണമെന്നും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ജില്ലാ പ്രിൻസിപ്പല്‍ ജഡ്ജ് കെ. സനില്‍കുമാർ ഉത്തരവില്‍ പറഞ്ഞു. കേസിലെ മറ്റു രണ്ടാംപ്രതി അസ്മയുടെ പ്രസവമെടുത്ത ഫാത്തിമ, മൂന്നാം പ്രതി ഫാത്തിമയുടെ മകൻ അബൂബക്കർ സിദ്ദീഖ് എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

TAGS : LATEST NEWS
SUMMARY : Woman dies in home delivery; husband Sirajuddin granted bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *