പ്രമുഖ തമിഴ് നടൻ രാജേഷ് അന്തരിച്ചു

പ്രമുഖ തമിഴ് നടൻ രാജേഷ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചെന്നൈ പോരൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി സിനിമാരംഗത്തുള്ള രാജേഷ് നായകനായും സ്വഭാവനടനായും മികവ് തെളിയിച്ചിട്ടുണ്ട്. 150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.’അവൾ ഒരു തൊടർക്കടൈ’ എന്ന ചിത്രത്തിലൂടെയാണ് രാജേഷ് സിനിമ അഭിനയം ആരംഭിക്കുന്നത്. പിന്നീട് തണ്ണീർ തണ്ണീർ, അന്ധ 7 നാട്, പയനങ്ങൾ മുടിവില്ലൈ തുടങ്ങിയ സിനിമകളിലൂടെ സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യം അറിയിച്ചു.

സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസെൻ, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോ​ഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, തിരുപ്പതി, സർക്കാർ, മാസ്റ്റർ, യാതും ഊരേ യാവരും കേളിർ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചില ചിത്രങ്ങൾ. മലയാളത്തിൽ അലകൾ, ഇതാ ഒരു പെൺകുട്ടി, അഭിമന്യൂ എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബം​ഗാരു ചിലക, ചദാസ്തപു മൊ​ഗുഡു, മാ ഇൺടി മഹാരാജു എന്നിവയാണ് രാജേഷ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങൾ.

മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയിരുന്നത് രാജേഷ് ആയിരുന്നു. മുരളിക്കുവേണ്ടി ഡുംഡുംഡും, ജൂട്ട്, മജാ, ഉള്ളം കേൾക്കുമേ, റാം എന്നീ ചിത്രങ്ങൾക്ക് രാജേഷ് ശബ്ദം നൽകി. പൊയ് സൊല്ല പോറോം എന്ന ചിത്രത്തിൽ നെടുമുടി വേണുവിനും ദേവി എന്ന ചിത്രത്തിൽ ജോയ് മാത്യുവിനും അദ്ദേഹം ഡബ്ബ് ചെയ്തു.  ശ്രീറാം റാഘവൻ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ മെറി ക്രിസ്മസ് ആണ് പുറത്തിറങ്ങിയ അവസാനചിത്രം.

<br>
TAGS : RAJESH WILLIAMS, OBITUARY, TAMIL CINEMA
SUMMARY : Prominent Tamil actor Rajesh passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *