കേരളത്തില്‍ ആഞ്ഞടിച്ച്‌ യുഡിഎഫ് തരംഗം; 18 ഇടങ്ങളില്‍ യുഡിഎഫ്, ഓരോ സീറ്റ് നേടി എല്‍ഡിഫും ബിജെപിയും

കേരളത്തില്‍ ആഞ്ഞടിച്ച്‌ യുഡിഎഫ് തരംഗം; 18 ഇടങ്ങളില്‍ യുഡിഎഫ്, ഓരോ സീറ്റ് നേടി എല്‍ഡിഫും ബിജെപിയും

കേരളത്തില്‍ യുഡിഎഫ് ആധിപത്യം. കഴിഞ്ഞ തവണത്തെപ്പോലെ ഒരു സീറ്റ് എല്‍ഡിഎഫ് നേടി. ആദ്യമായി ബിജെപി പാർലമെന്‍റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. കഴിഞ്ഞ പ്രാവശ്യം 19 ആയിരുന്നത് ഇത്തവണ ഇരുപതും നേടുമെന്ന് അവകാശപ്പെട്ട യുഡിഎ ഇത്തവണ 18സീറ്റ് കരസ്ഥമാക്കി.

സപ്തഭാഷ സംഗമഭൂമിയായ കാസർകോട്ട്‌ രണ്ടാം തവണയും വിജയക്കൊടി പാറിച്ച്‌ രാജ്‌മോഹൻ ഉണ്ണിത്താൻ. എല്‍.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണനെ 1,03,148 വോട്ടിന് പരാജയപ്പെടുത്തിയാണ് രാജ്മോഹൻ ഉണ്ണിത്താൻ രണ്ടാം വട്ടവും വിജയകിരീടം ചൂടിയത്. ലീഡ് നിലകള്‍ മാറിമറിഞ്ഞ ശക്തമായ ത്രികോണ മത്സരം നടന്ന ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് ജയം.

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടകര. ആരോപണ പ്രത്യാരോപണങ്ങളും പരാതിയും കേസുമായി സ്ഥാനാർത്ഥികള്‍ വാർത്തകളില്‍ നിറഞ്ഞു നിന്നു. ഒടുവില്‍ തനിക്കെതിരെ വന്ന ആരോപണങ്ങളെയെല്ലാം കാറ്റില്‍ പറത്തി ഷാഫി പറമ്പലിന് മിന്നും വിജയം. കേരളത്തിലെ ഏറ്റവും ജനകീയയായ സ്ഥാനാര്‍ത്ഥി കെ കെ ശൈലജയെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പരാജയപ്പെടുത്തിയത്.

ഇടുക്കി ലോക് സഭാ മണ്ഡലത്തില്‍ സിറ്റിംഗ് എം പിയും കോണ്‍ഗ്രസ് സ്ഥാനാർഥിയുമായ ഡീൻ കുര്യാക്കോസിന് വമ്പൻ വിജയം. വോട്ടെണ്ണലില്‍ സമ്പൂർണ ആധിപത്യം ഡീൻ നേടിയപ്പോള്‍, ഒരു ഘട്ടത്തില്‍ പോലും ലീഡ് മറികടക്കാൻ എല്‍.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് സാധിച്ചില്ല. എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ വിജയിച്ചു. രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കെ ജെ ഷൈനിനെ ഹൈബി തോല്‍പ്പിച്ചത്.

ചാലക്കുടി മണ്ഡലത്തില്‍ ഇക്കുറിയും സിറ്റിംഗ് എം പിയും യു ഡി എഫ് സ്ഥാനാർത്ഥിയുമായ ബെന്നി ബെഹനാന് വിജയം. മുൻ മന്ത്രിയും എല്‍ ഡി എഫ് സ്ഥാനാർത്ഥിയുമായ പ്രഫ. സി. രവീന്ദ്രനാഥിനെ മറികടന്നാണ് ചാലക്കുടിയുടെ ബെന്നി ചേട്ടൻ സിറ്റിങ് സീറ്റ് നിലനിർത്തിയത്.

അടൂര്‍ പ്രകാശ് കഴിഞ്ഞാല്‍ ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ വിജയിച്ചത് മാവേലിക്കരയിലെ സിറ്റിംഗ് എംപി കൊടിക്കുന്നില്‍ സുരേഷ് ആണ്. 9,000 വോട്ടുകള്‍ക്ക് മാത്രമാണ് സിഎ അരുണ്‍കുമാര്‍ എന്ന യുവ സ്ഥാനാര്‍ത്ഥിയുടെ വെല്ലുവിളിയെ കൊടിക്കുന്നില്‍ മറികടന്നത്. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്ക് വിജയിച്ചു.

ഇഞ്ചോട് ഇഞ്ച് പോരാട്ടത്തിനൊടുവില്‍ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ ശശി തരൂരിന് വിജയം. 353518 വോട്ടുകള്‍ നേടിയാണ് തരൂർ തലസ്ഥാനത്ത് വിജയിച്ചത്. ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് വിജയിച്ചത് ഫോട്ടോഫിനിഷില്‍. അവസാനം വരെ വിജയസാധ്യതകള്‍ മാറിമറിഞ്ഞ മണ്ഡലത്തില്‍ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് വിജയിച്ചത്.

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍ വിജയിച്ചു. പാലക്കാട് മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വികെ ശ്രീകണ്ഠന്‍ വിജയക്കൊടി പാറിച്ചത്. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, ബെന്നി ബെഹ്നാന്‍ എന്നിവര്‍ 50,000ന് മുകളില്‍ ഭൂരിപക്ഷം നേടി.

കേരളത്തില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. തൃശൂരിലാണ് സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞത്. സിപിഐ നേതാവും മുന്‍മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നിവരെയാണ് സുരേഷ് ഗോപി കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്.

ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ വിജയിച്ചു. 20,143 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദേവസ്വം മന്ത്രി കൂടിയായ കെ രാധാകൃഷ്ണൻ ജയിച്ചത്. എൻഡിഎയുടെ ടി എൻ സുരസു ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് ‘പാട്ട് പാടി’ ജയിച്ച മണ്ഡലമായിരുന്നു ആലത്തൂർ.

TAGS: ELECTION 2024, UDF, LDF, NDA
KEYWORDS: election result 2024 udf win

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *