തിരഞ്ഞെടുപ്പിൻ്റെ മറവിൽ ഓഹരി വിപണിയിൽ തട്ടിപ്പ്; ജെപിസി അന്വേഷണം വേണം, മോദിക്കും അമിത്ഷായ്ക്കുമെതിരെ രാഹുൽ

തിരഞ്ഞെടുപ്പിൻ്റെ മറവിൽ ഓഹരി വിപണിയിൽ തട്ടിപ്പ്; ജെപിസി അന്വേഷണം വേണം, മോദിക്കും അമിത്ഷായ്ക്കുമെതിരെ രാഹുൽ

ന്യൂഡല്‍ഹി: എക്‌സിറ്റ് പോളിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടന്നതായി രാഹുല്‍ ഗാന്ധി. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയില്‍ സംഭവിച്ചതെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോദി, അമിത് ഷാ, നിര്‍മല സീതാരാമന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ രംഗത്തെത്തിയത്.

പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, വ്യാജ എക്‌സിറ്റ് പോള്‍ നടത്തിയവര്‍ എന്നിവര്‍ക്കെതിരെ സംയുക്ത പാർലമെന്‍ററി സമിതി (ജെ.പി.സി) അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. തെളിവുകൾ നിരത്തിയാണ് രാഹുലിന്റെ ആരോപണങ്ങൾ.

ഓഹരി വിപണിയില്‍ ഷെയറുകള്‍ വാങ്ങാന്‍ മെയ് 13ന് അമിത് ഷാ പറഞ്ഞിരുന്നു. ജൂണ്‍ നാലിന് വിപണിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ ഒന്നിന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നതോടെ സ്റ്റോക്ക് മാര്‍ക്കറ്റ് കുതിച്ചുയര്‍ന്നു. ഫലം വന്നതിനുശേഷം സ്റ്റോക്ക് മാര്‍ക്കറ്റ് ഇടിയുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ സാധാരണക്കാരായ ചെറുകിട നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമാണ് സംഭവിച്ചതെന്നും രാഹുല്‍ ആരോപിച്ചു. സെബിയുടെ അന്വേഷണം നേരിടുന്ന അദാനിയുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനം ഒരേ ദിവസം തന്നെ പ്രധാനമന്ത്രിയുടെ രണ്ട് അഭിമുഖം പ്രസിദ്ധീകരിച്ചു. ഇത് എന്ത് അഴിമതിയുടെ ഭാ​ഗമാണെന്നും അദ്ദേഹം ചോ​ദിച്ചു.

എന്‍ഡിഎ സഖ്യം പരമാവധി 367 സീറ്റുകള്‍ നേടുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രചവിച്ചത്. ഇതേതുടര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. അതേസമയം, എന്‍ഡിഎ സഖ്യം 293 സീറ്റുകളിലൊതുങ്ങിയപ്പോള്‍ വിപണിയില്‍ ആറ് ശതമാനം ഇടിവും നേരിട്ടു.
<br>
TAGS : RAHUL GANDHI, LOKSABHA ELECTIONS 2024
KEYWORDS : Rahul Gandhi said that BJP cheated the stock market under the guise of elections

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *