കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നതുമൂലം നിരീക്ഷണത്തിലായിരുന്നു. നഗരസഭാ കോമ്പൗണ്ടിലാണ് പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി സൂക്ഷിച്ചിരുന്നത്. ഇതിനിടെയാണ് ഞായറാഴ്ച ഉച്ചയോടെ ചത്തത്. നായയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും തൃശൂര്‍ വെറ്റിനറി മെഡിക്കല്‍ കോളേജിലെ വിശദമായ പരിശോധനകള്‍ക്കും ശേഷമേ നായയുടെ പേവിഷബാധ സംബന്ധിച്ച് വ്യക്തത വരുകയുള്ളൂ. കടിയേറ്റവര്‍ക്ക് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു. ആരോഗ്യ വിഭാഗം പരിക്കേറ്റവരില്‍ നിന്നും വിവരശേഖരണം നടത്തിയിട്ടുണ്ട്

വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളില്‍ നായയുടെ ആക്രമണമുണ്ടായത്. മദ്രസയില്‍ പോയി വരുകയായിരുന്ന കടവുംപാടം തേലയ്ക്കല്‍ യഹിയാ ഖാന്റെ മകള്‍ മിന്‍ഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കല്‍ ഫയസ് (12) എന്നിവരേയാണ് നായ ആദ്യം ആക്രമിച്ചത്. പിന്നാലെ റോഡിലൂടെ നടന്നു പോകുകയായിരുന്ന പുതുപ്പാടി ആര്യങ്കാല തണ്ടേല്‍ രേവതി (22) ക്കും കടിയേറ്റു.

ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോഴാണ് ഈസ്റ്റ് വാഴപ്പിള്ളി തേക്കനാട്ട് അഞ്ജന രാജേഷ് (23) ന് നായയുടെ ആക്രമണമുണ്ടായത്. തുടര്‍ന്ന് പുളിഞ്ചുവട് ഭാഗത്ത് ബൈക്കില്‍ സഞ്ചരിയ്ക്കുകയായിരുന്ന പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ജയകുമാര്‍ (60)നെയും പട്ടികടിച്ചു. പുളിഞ്ചുവട് പാലക്കാട്ട് പുത്തന്‍പുരയില്‍ നിയാസിന്റെ മകള്‍ നിഹ (12) യെ വീടിന് സമീപത്തെ റോഡില്‍ വച്ചാണ് ആക്രമിക്കുകയായിരുന്നു. പറമ്പില്‍ പണിയെടുക്കുകയായിരുന്ന അതിഥി തൊഴിലാളി കൊല്‍ക്കത്ത സ്വദേശി അബ്ദുള്‍ അലി (30) യുടെ വലത് കാലില്‍ നായ കടിച്ചു പറിച്ചു. ഇതുകൂടാത നായ ആടിനേയും പശുവിനേയും ആക്രമിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *