സൗദിയിലെ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍; അഭിഭാഷകൻ

സൗദിയിലെ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍; അഭിഭാഷകൻ

വധശിക്ഷ റദ്ദാക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനം ഉടൻ പ്രതീക്ഷിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകൻ ഒസാമ അല്‍ അമ്ബർ പറഞ്ഞു. വധശിക്ഷ റദ്ദ് ചെയ്തുള്ള കോടതി ഉത്തരവ് റിയാദ് ഗവർണറേറ്റിലും പബ്ലിക് പ്രോസിക്യൂഷനിലും ഇതിനകം എത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂഷൻ ഓഫിസില്‍ നിന്ന് തന്നെ വിളിക്കുകയും ആവശ്യമായ വിവരങ്ങള്‍ എടുക്കുകയും ചെയ്തു.

ഇനി പബ്ലിക് പ്രോസിക്യൂഷൻ റഹീമിന്റെ കേസിന്റെ തുടക്കം മുതലുള്ള ഫയലുകളും നിലവില്‍ കോടതിയുടെ പരിഗണയില്‍ ഇല്ലാത്ത മറ്റ് കേസുകള്‍ റഹീമിന്റെ പേരിലില്ല എന്ന് തെളിയിക്കാനുള്ള നിരാക്ഷേ സാക്ഷ്യപത്രവും അടങ്ങുന്ന ഫയലും കോടതിയിലേക്ക് അയക്കും. ഇത് ലഭിച്ചു കഴിഞ്ഞാല്‍ കോടതി കേസ് കേള്‍ക്കാൻ സമയം അനുവദിക്കുകയും അന്നേ ദിവസം തന്നെ മോചന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒസാമ പറഞ്ഞു.

എന്നാല്‍ കോടതിയില്‍ ഇരിക്കുന്ന കേസായതിനാല്‍ മോചന ഉത്തരവ് എന്നുണ്ടാകുമെന്ന് കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിയാധനം സമാഹരിക്കപ്പെട്ടതിനുശേഷം ഒരു ദിവസവും പാഴാക്കിയിട്ടില്ല. കൃത്യമായി കേസിനെ പിന്തുടരുകയും കോടതിയും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യപ്പെടുന്നത് അനുസരിച്ച്‌ എല്ലാം യഥാസമയം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനി എത്രയും പെട്ടെന്ന് കേസിന് പരിസമാപ്തിയുണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗദി ബാലൻ മരിച്ച കേസില്‍ 18 വർഷമായി റിയാദില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ സൗദി കോടതി റദ്ദാക്കിയത് ഈ മാസം (ജൂലൈ) രണ്ടിനാണ്. അതിനുശേഷം മോചന ഉത്തരവ് പ്രതീക്ഷിച്ച്‌ ജയിലില്‍ തുടരുകയാണ് അബ്ദുല്‍ റഹീം. ജനകീയ കാമ്ബയിനിലൂടെ സമാഹരിച്ചാണ് ഒന്നരക്കോടി റിയാലിന്റെ ദിയാധനം നല്‍കിയത്.

TAGS : ABDHUL RAHIM | SAUDI | JAIL
SUMMARY : Malayali Abdul Rahim, who is in jail in Saudi, will be released soon; lawyer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *