നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി

പാലക്കാട്‌: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരുടെ ജാമ്യ ഹര്‍ജി തള്ളി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചെന്താമരയ്ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ചെന്താമര പുറത്തിറങ്ങുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ചായിരുന്നു പ്രോസിക്യൂഷൻ ജാമ്യം എതിർത്തിരുന്നത്.

ഇത് കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുമെന്ന് ചെന്താമരയുടെ അഭിഭാഷകൻ പ്രതികരിച്ചു. നേരത്തെ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോള്‍ കുറ്റസമ്മത മൊഴി നല്‍കാൻ തയ്യാറല്ലെന്ന് ചെന്താമര അറിയിച്ചിരുന്നു. അഭിഭാഷകനെ കണ്ട ശേഷമായിരുന്നു ചെന്താമര തീരുമാനം മാറ്റിയത്.

ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം.

ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാൻ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊന്നത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഇയാള്‍ കാട്ടിലേയ്ക്ക് കടന്നിരുന്നു. 29ന് പുലർച്ചെയാണ് പ്രതിയെ പോലീസ് പിടികൂടുന്നത്.

TAGS : NENMARA MURDER CASE
SUMMARY : Nenmara double murder case; Accused Chenthamara’s bail plea rejected

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *