ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ വീണ്ടും നടപടി; ലഷ്‌കര്‍ കമാന്‍ഡറുടെ വീട് തകര്‍ത്തു

ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ വീണ്ടും നടപടി; ലഷ്‌കര്‍ കമാന്‍ഡറുടെ വീട് തകര്‍ത്തു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പഹല്‍ഗാം കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍, സുരക്ഷാ ഏജന്‍സികള്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നത് തുടരുന്നു. ലഷ്‌കര്‍ കമാന്‍ഡറുടെ വീട് സ്‌ഫോടനത്തില്‍ തകര്‍ത്തു. ഭീകരന്‍ ഫാറൂഖ് അഹമ്മദ് തദ്വയുടെ കുപ്വാരയിലെ വീടാണ് തകര്‍ത്തത്. പഹല്‍ഗാം ആക്രമണത്തില്‍ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ, ഭീകരാക്രമണത്തില്‍ പങ്കുള്ള മൂന്ന് ഭീകരരുടെ വീടുകള്‍ തകര്‍ത്തിരുന്നു. പുല്‍വാമയിലെ മുറാനില്‍ ഉള്ള അഹ്‌സാന്‍ ഉല്‍ ഹഖ് ഷെയ്ഖ്, കച്ചിപോറയിലെ ഹാരിസ് അഹമ്മദ്, ഷോപിയാനിലെ ചോട്ടിപോറയിലുള്ള ഷാഹിദ് അഹമ്മദ് കുട്ടെ എന്നിവരുടെ വീടുകള്‍ ആണ് പ്രാദേശിക ഭരണ കൂടത്തോടൊപ്പം സുരക്ഷ സേന തകര്‍ത്തത്. 2018 പാകിസ്ഥാനില്‍ എത്തി ലഷ്‌കര്‍ പരിശീലനം നേടിയ ഭീകരനാണ് അഹ്‌സാന്‍ ഉല്‍ ഹഖ് ഷെയ്ഖ്, ജയിഷെ മുഹമ്മദ് കമാന്‍ഡര്‍ ആണ് ഷാഹിദ് അഹമ്മദ് കുട്ടെ.

സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് വീടുകള്‍ തകര്‍ത്തത്.കഴിഞ്ഞ ദിവസം ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നീ രണ്ടു ഭീകരവാദികളുടെ വീടുകള്‍ തകര്‍ത്തിരുന്നു.

ജമ്മു കശ്മീരിലെ പ്രധാന വിനോദസഞ്ചാര മേഖലകളില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍, കരസേന മേധാവിയുടെ കശ്മീര്‍ സന്ദര്‍ശനത്തില്‍ തീരുമാനിച്ചു. കശ്മീരിലെ ഉള്‍പ്രദേശങ്ങളിലെ സൈനികരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പുനര്‍വിന്യസിക്കാനാണ് നീക്കം.സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കുല്‍ഗാമിലെ ഖൈമോയിലെ തോക്കെപാറയില്‍ നിന്ന് 2 ഭീകരവാദികളെ അറസ്റ്റ് ചെയ്തു. രണ്ടു പേരും ഭീകരര്‍ക്ക് പ്രാദേശിക സഹായങ്ങള്‍ നല്‍കിയതായി കണ്ടെത്തി.പ്രദേശത്ത് ഭീകരരുടെ ഒളിത്താവളം സുരക്ഷാസേന കണ്ടെത്തിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *