സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണം; സുപ്രീം കോടതി

സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യൂട്യൂബ് ചാനലുകളിലേതടക്കമുള്ള മോശം ഉള്ളടക്കങ്ങള്‍ക്കെതിരെ മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയില്‍ ഫലപ്രദമായ നടപടിയുണ്ടാകണമെന്നാണ് നിര്‍ദേശം.

ഹാസ്യനടന്‍ സമയ് റെയ്ന, രണ്‍വീര്‍ അലഹബാദിയ എന്നിവരുടെ ഷോയിലെ അശ്ലീല പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ബിയര്‍ ബൈസപ്സ് എന്നറിയപ്പെടുന്ന രണ്‍വീര്‍ അലബാദിയയുടെ അശ്ലീല പരാമര്‍ശത്തില്‍ കേന്ദ്രം കര്‍ശന നടപടി സ്വീകരിച്ചിരുന്നു. വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയുടെ വിവാദ എപ്പിസോഡ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് യുട്യൂബ് നീക്കം ചെയ്യുകയും ചെയ്തു. മാന്യതയുടെയും ധാര്‍മ്മികതയുടെയും മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് രണ്‍ബീര്‍ അലബാദിയക്ക് തന്റെ പോഡ്കാസ്റ്റ് തുടരാമെന്ന് സുപ്രീം കോടതി പറഞ്ഞു.

പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമര്‍ശിച്ച് രണ്‍വീര്‍ അലബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് വഴിവച്ചത്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. വന്‍ പ്രതിഷേധത്തിനു പിന്നാലെ രണ്‍വീര്‍ അലബാദിയ, സാമൂഹിക മാധ്യമ താരം അപൂര്‍വ മഖിജ തുടങ്ങിയ വിധികര്‍ത്താക്കള്‍ക്കെതിരെ അസം പോലീസ് കേസെടുത്തിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം എന്ന ഭരണഘടനാപരമായ അവകാശം ദുരുപയോഗം ചെയ്തുകൊണ്ടാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അശ്ലീലവും അക്രമാസക്തവുമായ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നതെന്ന് ഐടി മന്ത്രാലയം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതിയടക്കമുള്ള വിവിധ ജുഡീഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്നും ഭരണപ്രതിപക്ഷ അംഗങ്ങളും ഒരുപോലെ നിയന്ത്രണം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി കമ്മിറ്റിയും നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് ഐടി മന്ത്രാലയത്തോട് നിര്‍ദേശിച്ചിരുന്നു.
<br>
TAGS : SOCIAL MEDIA | SUPREME COURT
SUMMARY : Action is needed to control content on social media: Supreme Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *