നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.

തമിഴ്, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1976ൽ കെ ബാലചന്ദ്രന്റെ പട്ടണ പ്രവേശം എന്ന മലയാള സിനിമയിലൂടെയായിരുന്നു ഡൽഹി ഗണേഷിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവ്. കെ ബാലചന്ദര്‍ ആണ് ഗണേശൻ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നൽകിയത്. പിന്നീടങ്ങോട്ട് നാനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. രജനികാന്ത്, കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ത്യന്‍-2 ആണ് അവസാന ചിത്രം.

നായകൻ, അവ്വൈ ഷണ്മുഖി, തെന്നാലി, സത്യാ, സാമി, സിന്ധുഭൈരവി, മൈക്കൽ മദന കാമ രാജൻ, അയൻ തുടങ്ങിയ തമിഴ് സിനിമകളിലെ വേഷങ്ങൾ എടുത്തുപറയേണ്ടതാണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, കൊച്ചി രാജാവ്, പോക്കിരി രാജ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ള മറ്റ് മലയാള സിനിമകൾ. 1979ൽ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. സിനിമയിലെത്തുന്നതിന് മുൻപ് പത്ത് വർഷത്തോളം ഇന്ത്യൻ എയർ ഫോഴ്‌സിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
<BR>
TAGS: DELHI GANESH
SUMMARY : Actor Delhi Ganesh passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *