നടിയും നിര്‍മാതാവും പിന്നണി ഗായികയുമായിരുന്ന ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു

നടിയും നിര്‍മാതാവും പിന്നണി ഗായികയുമായിരുന്ന ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെലുഗു നടിയും നിര്‍മാതാവും പിന്നണി ഗായികയുമായിരുന്ന ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച വീട്ടില്‍വെച്ചായിരുന്നു അന്ത്യം. നൂറാം വയസ്സിലാണ് കൃഷ്ണവേണി വിടവാങ്ങിയത്. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാങ്ഡിയിലാണ് കൃഷ്ണവേണിയുടെ ജനനം.

അച്ഛന്‍ കൃഷ്ണറാവു ഡോക്ടറായിരുന്നു. സിനിമയിലെത്തും മുമ്പ് കൃഷ്ണവേണി നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ‘അനസൂയ’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു സിനിമാ അരങ്ങേറ്റം. 1939-ല്‍ ചെന്നൈയിലേക്ക് താമസം മാറിയതിന് പിന്നാലെ കൃഷ്ണവേണി തെലുഗു സിനിമകളില്‍ സജീവമായി. തമിഴിലും അഭിനയിച്ചു. 1939-ല്‍ മിര്‍സാപുരം സമീന്ദാറുമായിട്ടായിരുന്നു കൃഷ്ണവേണിയുടെ വിവാഹം.

വിവാഹശേഷം ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘ശോഭനചാല സ്റ്റുഡിയോസി’ലൂടെ നിര്‍മാണരംഗത്തും അവര്‍ സജീവമായിരുന്നു. പില്‍ക്കാലത്ത് പ്രശസ്തരായ എന്‍.ടി. രാമറാവു, സംഗീതസംവിധായകന്‍ ഖണ്ഡശാല വെങ്കടേശ്വര റാവു, ഗായിക പി.ലീല തുടങ്ങിയവരെ സിനിമയില്‍ അവതരിപ്പിച്ചത് കൃഷ്ണവേണിയായിരുന്നു.

ഒട്ടേറെ തെലുഗു ചിത്രങ്ങള്‍ നിര്‍മിച്ച കൃഷ്ണവേണി പിന്നണി ഗായികയായും സിനിമാരംഗത്ത് സാന്നിധ്യമറിയിച്ചു. 2004-ല്‍ തെലുഗു സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ക്ക് രഘുപതി വെങ്കയ്യ പുരസ്‌കാരം നല്‍കി അവരെ ആദരിച്ചിരുന്നു. പ്രമുഖ സിനിമാ നിര്‍മാതാവായ എന്‍.ആര്‍.അനുരാധയാണ് മകള്‍.

TAGS : LATEST NEWS
SUMMARY : Actress, producer and playback singer Chittajallu Krishnaveni passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *