എയ്റോ ഇന്ത്യയ്ക്ക് സമാപനം; അവസാന ദിവസം പരിപാടി കാണാനെത്തിയത് ഒരു ലക്ഷത്തിലധികം പേർ

എയ്റോ ഇന്ത്യയ്ക്ക് സമാപനം; അവസാന ദിവസം പരിപാടി കാണാനെത്തിയത് ഒരു ലക്ഷത്തിലധികം പേർ

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്‌റോ ഇന്ത്യ സമാപിച്ചു. വ്യോമയാന, പ്രതിരോധ മേഖലകളില്‍ ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് എയ്‌റോ ഇന്ത്യ സംഘടിപ്പിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആണ് അഞ്ച് ദിവസം നീണ്ടുനിന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ പ്രതിരോധമേഖലയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യത്ത് പുതുതായി വികസിപ്പിച്ചെടുത്ത അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) യുദ്ധവിമാനത്തില്‍ എഐ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങളാണ് പരിപാടിയില്‍ കൈക്കൊണ്ടത്.

പ്രതിരോധ മേഖലയിലെ ആഗോള വ്യവസായ പ്രമുഖര്‍, സര്‍ക്കാര്‍ സംരംഭങ്ങള്‍, സാങ്കേതിക വിദഗ്ധര്‍, പ്രതിരോധ തന്ത്രജ്ഞര്‍ എന്നിവരെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യവുമായാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം എയ്‌റോ ഇന്ത്യ എയര്‍ ഷോ സംഘടിപ്പിക്കുന്നത്. ബെംഗളൂരു എയര്‍ ഷോയുടെ 15-ാമത് എഡിഷനാണ് സമാപിച്ചത്. വ്യോമയാന മേഖലയില്‍ നിന്നുള്ള വലിയ സൈനിക പ്ലാറ്റ്ഫോമുകളുടെ എയര്‍ ഡിസ്പ്ലേകളും സ്റ്റാറ്റിക് പ്രദര്‍ശനങ്ങളും എയ്റോ ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇതിന് പുറമേ എയ്‌റോ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിംഗ്, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവര്‍ ചേര്‍ന്ന് ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റ് ആയ തേജസ് വിമാനം പറത്തി. ആദ്യമായിട്ടാണ് ഇരു സേനാ മേധാവിമാരും ഒന്നിച്ച് യുദ്ധ വിമാനത്തില്‍ യാത്ര ചെയ്യുന്നത് എന്ന സവിശേഷതയും ഇത്തവണത്തെ എയ്റോ ഇന്ത്യയ്ക്ക് ഉണ്ട്. പരിപാടിയുടെ അവസാന ദിവസം, സൂര്യകിരണ്‍ എയറോബാറ്റിക്‌സ് ടീം, അമേരിക്കയുടെ എഫ്-35, റഷ്യയുടെ എസ്യു-57, തേജസ് എല്‍സിഎ, എല്‍യുഎച്ച് ഹെലികോപ്റ്ററുകള്‍ എന്നിവയുള്‍പ്പെടെ പ്രകടനം കാണാന്‍ ഒരുലക്ഷത്തിലധികം കാണികളാണെത്തിയത്.

വിവിധ രാജ്യങ്ങളിലെ യുദ്ധവിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഡ്രോണുകള്‍ എന്നിവയുടെ വ്യോമാഭ്യാസ പ്രദര്‍ശനങ്ങള്‍ എയ്‌റോ ഇന്ത്യയുടെ ഭാഗമായി. പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്ന പുതിയ സാങ്കേതികവിദ്യകള്‍ അനാവരണം ചെയ്യുന്നതിനും ധാരണാപത്രങ്ങള്‍ ഒപ്പിടുന്നതിനുമുള്ള വേദി കൂടിയായിരുന്നു ഇത്തവണത്തെ എയ്‌റോ ഇന്ത്യ.

TAGS: AERO INDIA
SUMMARY: Aero India air show comes to end

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *