എ.ഐ.കെ.എം.സി.സി. ഏഴാമത് സമൂഹവിവാഹം; വൈവാഹിക ജീവിതമെന്ന സ്വപ്ന സാഫല്യത്തിലേക്ക് ചുവടുവെച്ച് 65 നവദമ്പതികൾ

എ.ഐ.കെ.എം.സി.സി. ഏഴാമത് സമൂഹവിവാഹം; വൈവാഹിക ജീവിതമെന്ന സ്വപ്ന സാഫല്യത്തിലേക്ക് ചുവടുവെച്ച് 65 നവദമ്പതികൾ

ബെംഗളൂരു: ഓള്‍ ഇന്ത്യ കെ.എംസിസിയും ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് സമൂഹവിവാഹത്തിലൂടെ വൈവാഹിക ജീവിതത്തിലേക്ക് ചുവടെടുത്തുവെച്ചത് 65 നവദമ്പതികൾ. പൂന്തോട്ട നഗരിയിലെ ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ യൂസുഫ് ഹാജി (സൗഭാഗ്യ) നഗറിൽ നടന്ന ചടങ്ങിന്  സാക്ഷ്യംവഹിക്കാൻ നിരവധി പേരാണ് എത്തിയത്. 130 കുടുംബങ്ങളെ പുതുപ്രതീക്ഷകളാല്‍ ഒന്നാക്കിയാണ് ചടങ്ങിന് പരിസമാപ്തി കുറിച്ചത്.

വിവാഹകർമങ്ങൾക്കുശേഷം നടന്ന പൊതുസമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. എസ്.ടി.സി.എച്ച്. പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

കർണാക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു മുഖ്യാതിഥിയായി. മുസ്‌ലിംലീഗ് ദേശീയപ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സമൂഹവിവാഹസന്ദേശം നൽകി. വധുക്കൾക്കുള്ള സ്വർണാഭരണ കൈമാറ്റവും അദ്ദേഹം നിർവഹിച്ചു.

കർണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് നസീർ അഹമ്മദ് എം.എൽ.സി., എൻ.എ. ഹാരിസ് എം.എൽ.എ., അബ്ദുറഹിമാൻ രണ്ടത്താണി, ഫാ. അഗസ്റ്റിൻ കുറൂറെ, യു.എ. നസീർ, ഡി.ജി.പി. സലീം, എ.സി.പി. ഡോ. പ്രിയദർശിനി, പി.വി. അഹമ്മദ് സാജു, ജനറൽസെക്രട്ടറി എം.കെ. നൗഷാദ്, ടി. ഉസ്മാൻ, ഡോ. എം.എ. അമീറലി എന്നിവർ സംസാരിച്ചു. ബി.എം. ഫാറൂഖ്, പി.എ. അബ്ദുല്ല ഇബ്രാഹീം, അബ്ദുൽ സത്താർ, ചിറ്റുള്ളി യൂസുഫ് ഹാജി, താപ്പി അബ്ദുല്ലക്കുട്ടി ഹാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

എ.ഐ.കെ.എം.സി.സിയുടെ ആദ്യ സമൂഹ വിവാഹ ചടങ്ങില്‍ 58 ദമ്പതികളാണ് പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. രണ്ടാം സീസണില്‍ 98, മൂന്നാം സീസണില്‍ 99, നാലാമത് സീസണില്‍ 12, അഞ്ചാമത് സീസണ്‍ ഒന്നില്‍ 78 ഉം രണ്ടില്‍ 17 ഉം, ആറാം സീസണില്‍  81 ദമ്പതികളുമാണ് വിവാഹിതരായത്. ഇതോടെ നിർധനരായ 509 ദമ്പതികളുടെ മംഗല്യ സാഫല്യമാണ് സമൂഹ വിവാഹത്തിലൂടെ പൂവണിഞ്ഞത്. ഏഴാമത് സമൂഹ വിവാഹത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ്, ബിസിനസ് മീറ്റ്, ജോബ് ഫെയർ എന്നിങ്ങനെ വൈവിധ്യമായ പരിപാടികൾ കൂടി ഇത്തവണ സംഘടിപ്പിച്ചിരുന്നു.
<br>
TAGS :  AIKMCC,  | MASS MARRIAGE
SUMMARY : AIKMCC 7th Mass Marriage

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *