ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്കൂൾ, കോളേജ് ക്ലാസുകൾ ഓണ്‍ലൈനാക്കി

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്കൂൾ, കോളേജ് ക്ലാസുകൾ ഓണ്‍ലൈനാക്കി

ന്യൂഡല്‍ഹി : ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി. പലയിടങ്ങളിലും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 500നും മുകളിലാണ്. ഡൽഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര സൂചിക 450നു മുകളിലേക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാഴ്ചാ പരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ട്.

വായുമലിനീകരണം രൂക്ഷമായതോടെ വിദ്യാലയങ്ങളിലെ 10, 12 ക്ലാസ്സുകൾ ഉൾപ്പെടെയുള്ളവ പൂർണമായി ഓണ്‍ലൈനാക്കി. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും വകുപ്പുകളിലും ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലും ക്ലാസുകൾ ഓൺലൈനാക്കി. നവംബര്‍ 22 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരുമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയും അറിയിച്ചു. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയും ക്ലാസുകള്‍ ഓണ്‍ലൈനാക്കി. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മറ്റു ജീവനക്കാരുടെയും ആരോഗ്യം കണക്കിലെടുത്താണ് തീരുമാനം.

ഡൽഹിയിൽ നിന്ന് പുറപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ നിരവധി ട്രെയിനുകളും വിമാനങ്ങളും വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 22 ട്രെയിനുകള്‍ വൈകുകയും ഒമ്പത് ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഡൽഹിക്ക് സമീപപ്രദേശങ്ങളിലെ പാടങ്ങളിൽ തീയിടുന്നതും കാലാവസ്ഥയുമാണ് ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമാക്കുന്നത്. വായു മലിനീകരണം രൂക്ഷമായ ഘട്ടത്തിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൽഹിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) നാലാം ഘട്ടം അനുസരിച്ചുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന സിഎൻജി, ഇലക്ട്രിക് ട്രക്കുകളും അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. ഡൽഹിക്ക് പുറത്തുള്ള രജിസ്റ്റർ ചെയ്യുന്ന ലഘു വാണിജ്യ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ബിഎസ്–4 നിലവാരത്തിലുള്ളതും താഴെയുള്ളതുമായ വാഹനങ്ങൾക്കും ഹെവി ഗുഡ് വെഹിക്കിളുകൾക്കും പ്രവേശനം ഉണ്ടാകില്ല.
<BR>
TAGS : DELHI | AIR POLLUTION
SUMMARY : Air pollution in Delhi is extreme; School and college classes have been made online

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *