വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കി നല്‍കി; അക്ഷയ സെന്റര്‍ ജീവനക്കാരി പിടിയില്‍

വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കി നല്‍കി; അക്ഷയ സെന്റര്‍ ജീവനക്കാരി പിടിയില്‍

പത്തനംതിട്ട: നീറ്റ് പരീക്ഷയ്‌ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നല്‍കിയ സംഭവത്തില്‍ അക്ഷയ സെന്റർ ജീവനക്കാരി പിടിയില്‍. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയായ ഗ്രീഷ്മയാണ് അറസ്റ്റിലായത്. വിദ്യാർഥിക്ക് വ്യാജ ഹാള്‍ട്ടിക്കറ്റ് നല്‍കിയ കാര്യം ഗ്രീഷ്മ സമ്മതിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാൻ കുട്ടിയുടെ അമ്മ ജീവനക്കാരിയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് മറന്നതോടെയാണ് ഗ്രീഷ്മ വ്യാജ ഹാള്‍ട്ടിക്കറ്റ് തയാറാക്കിയത്.

അക്ഷയ സെന്ററിലെ കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും പോലീസ് കസ്റ്റഡിയിലെടുക്കും. തെളിവെടുപ്പിനായി ഗ്രീഷ്മയെ അക്ഷയസെന്ററില്‍ എത്തിച്ചു. വ്യാജ ഹാള്‍ടിക്കറ്റുമായി പത്തനംതിട്ട നഗരത്തിലെ സ്കൂളില്‍ എത്തിയ തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർഥിയെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

പരീക്ഷ പൂർത്തിയായതിന് ശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററില്‍ നിന്നാണ് ഹാള്‍ടിക്കറ്റ് ലഭിച്ചതെന്ന് ഇവർ മൊഴി നല്‍കിയതോടെ ഗ്രീഷ്മയെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടന്നു. നീറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാൻ വിദ്യാർഥിയുടെ അമ്മയാണ് അക്ഷയ സെന്ററിനെ സമീപിച്ചത്. എന്നാല്‍ ഇവരുടെ അപേക്ഷ ജീവനക്കാരി സമർപ്പിച്ചിരുന്നില്ല.

ഹാള്‍ടിക്കറ്റ് വിതരണം തുടങ്ങിയതോടെ ഇതേ അക്ഷയ സെന്റർ വഴി അപേക്ഷ നല്‍കിയ മറ്റൊരു വിദ്യാർഥിയുടെ ഹാള്‍ടിക്കറ്റ് തിരുത്തി വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. തുടർന്ന് ഇത് വാട്സ്‌ആപ്പ് വഴി മാതാവിന് അയച്ചുകൊടുത്തു. കുറ്റം തെളിഞ്ഞാല്‍ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കും. ആള്‍മാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളായിരിക്കും ചുമത്തുക.

TAGS : CRIME
SUMMARY : Akshaya Center employee arrested for making fake hall tickets

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *