പ്രജ്വലിനെതിരെ വ്യാജ പരാതി നൽകാൻ ഇരയെ ഭീഷണിപ്പെടുത്തി;  ദേശീയ വനിതാ കമ്മീഷൻ

പ്രജ്വലിനെതിരെ വ്യാജ പരാതി നൽകാൻ ഇരയെ ഭീഷണിപ്പെടുത്തി; ദേശീയ വനിതാ കമ്മീഷൻ

ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാരോപണക്കേസിൽ പുതിയ വഴിത്തിരിവ്. ഭീഷണപ്പെടുത്തി വ്യാജപരാതി നൽകാൻ നിർബന്ധിച്ചെന്ന് അതിജീവിത മൊഴിനൽകിയതായി ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) വെളിപ്പെടുത്തി. പോലീസ് എന്ന വ്യാജേന മൂന്ന് പുരുഷന്മാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും വ്യത്യസ്ത നമ്പറുകളിൽ നിന്ന് വിളിച്ച് വധഭീഷണി മുഴക്കിയെന്നും തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻസിഡബ്ല്യു വ്യക്തമാക്കി.

അതേസമയം, പ്രജ്വൽ രേവണ്ണയ്ക്കെതിരെ പരാതി നൽകാൻ 700 സ്ത്രീകൾ എത്തിയെന്ന വാദം കമ്മീഷൻ നിഷേധിച്ചു. പ്രജ്വൽ രേവണ്ണക്കെതിരെ പരാതി നൽകാൻ അതിജീവിതമാരാരും സമീപിച്ചിട്ടില്ലെന്നും കമ്മിഷൻ പറഞ്ഞു.

വനിതാ കമ്മീഷന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിക്കെതിരെ മുൻമുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി കുമാര സ്വാമി രംഗത്തെത്തി. സർക്കാരിന് അനുകൂലമായി പ്രസ്താവന നടത്തിയില്ലെങ്കിൽ വേശ്യാവൃത്തിക്കുറ്റം ചുമത്തുമെന്ന് എസ്‌ഐടി ഉദ്യോഗസ്ഥർ ഇരകളെ ഭീഷണിപ്പെടുത്തുന്നതായി കുമാരസ്വാമി ആരോപിച്ചു. എല്ലാവരും നിയമത്തെ മാനിക്കണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, എസ്‌ഐടി അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. ജെഡിഎസ് ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങൾക്കും സംസ്ഥാന സർക്കാർ മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐടി അന്വേഷണം നടക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *