നീന്തൽകുളങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

നീന്തൽകുളങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

ബെംഗളൂരു: നഗരത്തിൽ മഴ പെയ്യാൻ തുടങ്ങിയതോടെ നീന്തൽക്കുളങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിൻവലിച്ചതായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. ഇനിമുതൽ മഴവെള്ള സംഭരണികളിൽ നിന്നോ, കുഴൽക്കിണറുകളിൽ നിന്നോ, മറ്റ്‌ ശുദ്ധജല സംവിധാനങ്ങളിൽ നിന്നോ ജലം നീന്തൽ കുളത്തിലേക്ക് ഉപയോഗിക്കാവുന്നതാണ്.

എന്നാൽ നീന്തൽക്കുളങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് കാവേരി ജലം ഉപയോഗിക്കാൻ പാടില്ലെന്ന് ബോർഡ്‌ വ്യക്തമാക്കി. നിയന്ത്രണം ഉപാധികളോടെ നീക്കിയെന്നും ബിഡബ്ല്യൂഎസ്എസ്ബിയുടെ വ്യവസ്ഥകൾ പൂൾ ഓപ്പറേറ്റർമാർ പാലിക്കേണ്ടതുണ്ടെന്നും ബോർഡ്‌ ചെയർമാൻ രാംപ്രസാദ് മനോഹർ പറഞ്ഞു. നീന്തൽക്കുളങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്ന അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങളും മറ്റ്‌ കെട്ടിടങ്ങളും ബോർഡിനെ മുൻകൂട്ടി അറിയിക്കേണ്ടതാണ്.

ജലം പുനരുപയോഗിക്കുന്നതിന് ഫിൽട്ടറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കുഴൽക്കിണറുകൾക്ക് സമീപം റീചാർജ് കുഴികൾ നിർമ്മിക്കുക, എല്ലാ ടാപ്പുകളിലും എയറേറ്ററുകൾ സ്ഥാപിക്കുക, പരിസരം വൃത്തിയോടെ സൂക്ഷിക്കുക എന്നീ നിർദേശങ്ങൾ എല്ലാ പൂൾ ഓപ്പറേറ്റർമാരും കൃത്യമായി പാലിക്കണം. നഗരത്തിൽ ജലക്ഷാമം രൂക്ഷമായതോടെ മാർച്ചിലാണ് നീന്തൽ കുളങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *