ഭൂമിയുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളറിയാം; എടിഎം കാര്‍ഡ് മാതൃകയില്‍ പ്രോപ്പര്‍ട്ടി കാര്‍ഡ്
▪️ മന്ത്രി കെ. രാജൻ.

ഭൂമിയുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളറിയാം; എടിഎം കാര്‍ഡ് മാതൃകയില്‍ പ്രോപ്പര്‍ട്ടി കാര്‍ഡ്

കോഴിക്കോട് : റവന്യൂ വകുപ്പിനു കീഴിലെ എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ലഭിക്കുന്നതിന് എ.ടി.എം കാർഡ് മാതൃകയിൽ പ്രോപ്പർട്ടി കാർഡ് പുറത്തിറക്കുമെന്ന് മന്ത്രി കെ. രാജൻ.

വ്യക്തിയുടെ വസ്തുവിന് അകത്തുള്ള കെട്ടിടങ്ങള്‍, ടാക്‌സ്, ഭൂമിയുടെ തരം, വിസ്തൃതി തുടങ്ങിയവ ഉള്‍പ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളും വിശദാംശങ്ങളും രേഖപ്പെടുത്തുന്ന കാര്‍ഡാണ് നിലവില്‍ വരുക. 2026 ജനുവരിയോടെ പ്രോപ്പര്‍ട്ടി കാര്‍ഡ് എല്ലാവര്‍ക്കും വിതരണം ചെയ്യാനാകുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നടന്ന റവന്യൂ മേഖല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ കാര്‍ഡിലേക്ക് ഉള്‍ക്കൊള്ളിക്കാവുന്ന മറ്റു വിവരങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്ന ഘട്ടത്തിലാണ് വകുപ്പെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ നയത്തിന്റെ ഭാഗമായി 438 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ നടന്നു വരികയാണ്. സര്‍വേയുടെ മൂന്നാം ഘട്ടം ഫെബ്രുവരി 14 ഓടെ ആരംഭിക്കും. എന്റെ ഭൂമി ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ പരിധിയില്‍ 1000 വില്ലേജുകളില്‍ ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും പ്രവര്‍ത്തനക്ഷമമാക്കുന്ന പ്രവൃത്തികളാണ് നടന്നു വരുന്നത്. മന്ത്രി പറഞ്ഞു.
കേരളത്തിലെ ഡിജിറ്റൽ റീസർവേ രാജ്യത്തിന് മാതൃകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സർവേ ജീവനക്കാർക്കു വേണ്ടി കേന്ദ്രത്തിൻ്റെ ആവശ്യപ്രകാരം ദേശീയ ശില്പശാല നടത്തുന്നതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.

<BR>
TAGS : PROPERTY CARD
SUMMARY : All information related to land; Property card on the model of ATM card

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *