അമ്പലമുക്ക് വിനീത വധക്കേസ്: വിധി ഇന്ന്

അമ്പലമുക്ക് വിനീത വധക്കേസ്: വിധി ഇന്ന്

തിരുവനന്തപുരം ∙ പേരൂര്‍ക്കട അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ (38) കുത്തി കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം ഏഴാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ ഇന്ന് ശിക്ഷ വിധിക്കും. കേസിൽ പ്രതിയായ തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറില്‍ രാജേന്ദ്രൻ (40) കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്നാട്ടിൽ രാജേന്ദ്രൻ നടത്തിയ മൂന്ന് കൊലപാതകങ്ങൾ ഉയർത്തി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

2022 ഫെബ്രുവരി ആറിനു സമ്പൂർണ്ണ ലോക്ക് ഡൌൺ കാലത്ത് നാലരപ്പവന്റെ മാല മോഷ്ടിയ്ക്കാനായിരുന്നു തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. ഉന്നത ബിരുദധാരിയായ രാജേന്ദ്രൻ ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിങ്ങിൽ പണം നിക്ഷേപിക്കുന്നതിനു വേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത്. സമാനരീതിയില്‍ തമിഴ്നാട് തിരുനെൽവേലി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58), ഭാര്യ വാസന്തി (55), വളർത്തുമകൾ അഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രന്‍ വിനീതയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തമിഴ്നാട്ടിലേക്കു കടന്ന് കാവല്‍കിണറിനു സമീപത്തെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11ന് പേരൂര്‍ക്കട സിഐ വി.സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പ്രതി പണയം വച്ചിരുന്ന വിനീതയുടെ സ്വര്‍ണമാല പോലീസ് കണ്ടെടുത്തിരുന്നു.

കഴിഞ്ഞ 10 ന് പ്രതിക്കെതിരെ കുറ്റകരമായ വസ്തു കൈയ്യേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവർച്ച (397) തെളിവ് നശിപ്പിക്കൽ (201) എന്നീ കുറ്റങ്ങൾക്ക് കുറ്റക്കാരനെന്ന് തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ, സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ചാണ് പ്രോസിക്യൂഷന്‍ കേസ് തെളിയിച്ചത്. 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവുകൾ, ഡിവിഡികൾ എന്നിവയും നൂറുകണക്കിന് രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
<BR>
TAGS : AMBALAMIKKU VINEETHA MURDER CASE
SUMMARY : Ambalamukku Vineetha murder case: Verdict today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *