പൂരനഗരിയിലെ ആംബുലന്‍സ് യാത്ര: സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

പൂരനഗരിയിലെ ആംബുലന്‍സ് യാത്ര: സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ എത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ പോലീസ് കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പോലീസാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി ആക്‌ട്, മോട്ടര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ്.

സുരേഷ് ഗോപിക്ക് പുറമെ ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐപിസി 279, 34 വകുപ്പുകള്‍, മോട്ടോര്‍ വാഹന നിയമത്തിലെ 179, 184, 188, 192 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് നടപടി.

പോലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്ന് എഫ് ഐ ആറില്‍ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. 2024 ഏപ്രില്‍ 20ന് പുലര്‍ച്ച മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തൃശൂര്‍ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കാന്‍ ആംബുലന്‍സില്‍ എത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ താന്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്നായിരുന്നു ആദ്യം സുരേഷ് ഗോപി പറഞ്ഞിരുന്നത്.

ബി.ജെ.പി ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് അവിടെ എത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആംബുലന്‍സില്‍ കയറിയെന്ന് സുരേഷ് ഗോപി സമ്മതിക്കുകയായിരുന്നു. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയെന്നും തന്റെ വാഹനം പാര്‍ട്ടി ഗുണ്ടകള്‍ അക്രമിച്ചെന്നും സുരേഷ് ഗോപി മാറ്റി പറഞ്ഞിരുന്നു.

ആംബുലന്‍സില്‍ സുരേഷ് ഗോപി വന്നിറങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നതിനു പുറമേ, സുരേഷ് ഗോപി സ്വരാജ് റൗണ്ടില്‍ സഞ്ചരിച്ചത് ആംബുലന്‍സിലാണെന്ന ബി.ജെ.പി തൃശൂര്‍ ജില്ല അധ്യക്ഷന്‍ അനീഷ് കുമാറിന്റെ പ്രസ്താവനയും പുറത്തുവന്നിരുന്നു.

TAGS : THRISSUR POORAM | SURESH GOPI | CASE
SUMMARY : Ambulance trip in Puranagari: Case filed against Suresh Gopi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *