അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു

അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങളും ഇതില്‍ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് കൊച്ചിയില്‍ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചത് എന്നാണ് വിവരം.

യോഗത്തില്‍ നേരിട്ടു പങ്കെടുക്കണമെന്ന് മോഹൻലാല്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാർത്ഥം യോഗം മാറ്റിയിരിക്കുന്നത് എന്നു സംഘടനയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്.

പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തിരഞ്ഞെടുക്കണം. ജനറല്‍ സെക്രട്ടറിയുടെ അഭാവത്തില്‍ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകള്‍ നിർവഹിക്കുന്നത്. ഈ ആഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് വിവരം. ഇതിനിടെ ആരോപണങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താൻ സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൂർണമായും നിയമ വഴിയില്‍ നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ പ്രത്യേക സംഘത്തെ നിയമിച്ചതായി അറിയിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. സിനിമാ കോണ്‍ക്ലേവുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. നവംബർ 24 ന് കൊച്ചിയില്‍ കോണ്‍ക്ലേവ് നടത്താനാണ് ആലോചന. മൂന്നു ദിവസങ്ങളിലായി നടത്താൻ ഉദ്ദേശിക്കുന്ന കോണ്‍ക്ലേവില്‍ മുഖ്യമന്ത്രിയുടെ സമയ ലഭ്യത കൂടി പരിഗണിക്കും.

TAGS : AMMA | MEETING | POSTPONED
SUMMARY : Amma’s executive meeting was postponed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *