ഡിസിസി ട്രഷററുടെയും മകൻറെയും ആത്മഹത്യ; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുൻകൂര്‍ ജാമ്യം

ഡിസിസി ട്രഷററുടെയും മകൻറെയും ആത്മഹത്യ; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുൻകൂര്‍ ജാമ്യം

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുൻകൂർ ജാമ്യം. ഐ.സി ബാലകൃഷ്ണൻ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ കോണ്‍ഗ്രസ് നേതാവ് കെ.കെ ഗോപിനാഥൻ എന്നിവർക്കാണ് കല്പറ്റ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

എൻ.എം വിജയന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഇതിന് പിന്നാലെ മൂന്ന് കോണ്‍ഗ്രസ് നേതാക്കളും ഒളിവില്‍ പോയി. ശേഷം ഐ.സി ബാലകൃഷ്ണൻ എംഎല്‍എ കഴിഞ്ഞ ദിവസം സഭയിലെത്തിയിരുന്നു. എൻഡി അപ്പച്ചൻ ഇതുവരെയും പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടാൻ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം വാദം പൂർത്തിയായ കേസിലാണ് വിധി പ്രസ്താവം. എൻ.എം വിജയൻ പാർട്ടിക്ക് വേണ്ടിയാണ് പണം വാങ്ങിയതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. പോലിസ് കണ്ടെത്തിയ കത്തുകള്‍ മരണക്കുറിപ്പായി പരിഗണിക്കണമെന്നും പ്രൊസിക്യൂഷൻ വാദിച്ചു. കത്ത് എൻ.എം വിജയന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

കഴിഞ്ഞ ഡിസംബർ 24നായിരുന്നു വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം വിജയനെയും മകൻ ജിജേഷിനെയും അവശനിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്നു ഇരുവരും. ഡിസംബർ 27ന് ഇരുവരും മരണത്തിന് കീഴടങ്ങി.

പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് (ജനുവരി 7ന്) വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. നിയമനത്തിനായി കോഴ വാങ്ങിയതുള്‍പ്പടെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് എൻഎം വിജയൻ തന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.

TAGS : LATEST NEWS
SUMMARY : Suicide of DCC Treasurer and Son; Anticipatory bail for Congress leaders

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *