ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ നിരോധിച്ചു

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ നിരോധിച്ചു

പൂവിലും ഇലയിലും വിഷാശം ഉണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് അരളിപ്പു ക്ഷേത്രങ്ങളിൽ നിന്ന് നിരോധിച്ചു. ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. അരളിപ്പൂവിന്റെ ഉപയോ​ഗം മരണത്തിന് കാരണമായി എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം. നാളെ മുതൽ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കി.അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ‍ ഉപയോ​ഗിക്കുന്നതിൽ നിന്നാണ് അരളി നിരോധിച്ചത്‌.

അരളിപ്പൂ ഒഴിവാക്കാൻ മലബാർ ദേവസ്വം ബോർഡും തീരുമാനിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശം നാളെ ഔദ്യോഗികമായി പുറത്തിറക്കുമെന്നു ദേവസ്വം ബോർ‍ഡ് പ്രസിഡൻറ് എംആർ മുരളി വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചതിനു പിന്നാലെയാണ് മലബാർ ദേവസ്വവും തീരുമാനം നടപ്പാക്കാൻ ഒരുങ്ങുന്നത്.

ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോഗിക്കുന്നുണ്ട്. നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ട്.

കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു നിഗമനം.

സംസ്ഥാനത്തു ചില ക്ഷേത്രങ്ങളിൽ അരളി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ പണ്ടുമുതലേ അരളി പൂജയ്‌ക്കോ മാല ചാർത്താനോ ഉപയോഗിക്കാറില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *