വയനാട്ടില്‍ സൈന്യം ബെയ്‍ലി പാലത്തിന്റെ നിര്‍മാണം തുടങ്ങി

വയനാട്ടില്‍ സൈന്യം ബെയ്‍ലി പാലത്തിന്റെ നിര്‍മാണം തുടങ്ങി

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ ദൗത്യം കൂടുതല്‍ എളുപ്പമാക്കുന്നതിനായി സൈന്യം ബെയ്‌ലി പാലത്തിന്റെ നിർമാണം തുടങ്ങി. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് പാലത്തിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിനാവശ്യമായ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്. പാലം നിർമാണം നാളെ പൂർത്തിയാകുമെന്ന് ചീഫ് സെക്രട്ടറി വി. വേണു അറിയിച്ചു. ചൊവ്വാഴ്ച കണ്ണൂരിലെത്തിയ ആദ്യ വിമാനത്തില്‍ നിന്ന് ഇറക്കിയ പാലം സാമഗ്രികള്‍ ചൊവ്വാഴ്ച രാത്രിയോടെ തന്നെ ചൂരല്‍മലയിലെ ദുരന്ത മേഖലയില്‍ എത്തിച്ചിരുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് 85 അടി നീളമുള്ള ബെയ്‍ലി പാലം നിർമിക്കാൻ സൈന്യം തീരുമാനിച്ചത്.

ചെറിയ മണ്ണുമാന്തിയന്ത്രം കടന്നു പോകാൻ സാധിക്കുന്ന തരത്തിലുള്ള പാലമാണ് നിർമിക്കുന്നത്. ഇന്നലത്തെതിനേക്കാള്‍ സുസജ്ജവും ലക്ഷ്യബോധവുമുള്ള രക്ഷാപ്രവര്‍ത്തനാണ് ഇന്ന് നടക്കുന്നത്. നാളെ രാവിലെയോടെ ചൂരല്‍മലയിലെ തകര്‍ന്ന പാലത്തിന്‍റെ സ്ഥാനത്ത് സൈന്യം താത്കാലിക ബെയ്‍ലി പാലം ഒരുക്കും. പാലം ഒരുങ്ങുന്നതോടെ കൂടുതല്‍ ദുരന്തമേഖലയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിചേരാനാകും.

വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററടക്കം രക്ഷാപ്രവർത്തനത്തിനുണ്ട്. കരമാര്‍ഗം എത്തി ചേരാന്‍ ദുഷ്ക്കരമായ സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ചൂരല്‍ മലയിലേക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലും അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അഭ്യര്‍ത്ഥിച്ചു.

TAGS : ARMY | WAYANAD LANDSLIDE | BRIDGE
SUMMARY : Army has started construction of Bailey Bridge in Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *