വാൽമീകി കോർപറേഷൻ അഴിമതി; പ്രതികളിൽ നിന്ന് 16 കിലോ സ്വർണം പിടികൂടി

വാൽമീകി കോർപറേഷൻ അഴിമതി; പ്രതികളിൽ നിന്ന് 16 കിലോ സ്വർണം പിടികൂടി

ബെംഗളൂരു: കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളിൽ നിന്നും 16 കിലോ സ്വർണവും രണ്ടരക്കോടി രൂപയും പിടികൂടിയാതായി അന്വേഷണ സംഘം അറിയിച്ചു. സത്യനാരായണ വർമ, കാക്കി ശ്രീനിവാസ് റാവു എന്നിവരുടെ വീടുകളിൽ നടത്തിയ റെയ്‌ഡിൽ നിന്നാണ് സ്വർണവും പണവും കണ്ടെടുത്തത്.

വർമ്മയുടെ വീട്ടിൽ നിന്ന് 15 കിലോ സ്വർണമാണ് പിടികൂടിയത്. കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച പണം കൊണ്ടാണ് താൻ അൾട്രാ ലക്ഷ്വറി ലംബോർഗിനി കാർ വാങ്ങിയതെന്നും വർമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. കാക്കി ശ്രീനിവാസ് റാവുവിൻ്റെ പക്കൽ നിന്ന് ഒരു കിലോ സ്വർണവും രണ്ടരക്കോടി രൂപയും കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. വാൽമീകി കോർപ്പറേഷൻ അഴിമതിയിൽ സർക്കാർ ട്രഷറിയിലെ 40 കോടി ഉൾപ്പെടെ വിവിധ അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന പണം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലേക്ക് വഴിതിരിച്ചുവിട്ട് ഏകദേശം 187.33 കോടി രൂപയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.

ഇതിൽ 88.63 കോടിയും തെലങ്കാനയിലെ 18 സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 217 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കും അനധികൃതമായി ട്രാൻസ്ഫർ ചെയ്യപ്പെട്ടു. കോർപറേഷൻ അക്കൗണ്ട്‌സ് സൂപ്രണ്ട് ചന്ദ്രശേഖരൻ പി. ആത്മഹത്യ ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.

എങ്ങനെയാണ് പണം മറ്റുള്ളവരിലേക്ക് കൈമാറിയതെന്നും അഴിമതിയിൽ കോർപ്പറേഷൻ്റെയും ബാങ്ക് അധികൃതരുടെയും പങ്കിനെ കുറിച്ചും ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിൽ വിശദമായി പറഞ്ഞിരുന്നു. കേസിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നതോടെ മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചിരുന്നു.

TAGS: KARNATAKA | VALMIKI SCAM
SUMMARY: Valmiki Corporation scam: 16 kg gold, Rs 2.5 cr cash seized from accused persons

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *