തന്നെ പിന്തുണയ്‍ക്കുന്നത് മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമായി മാറരുത്; രമേശ് നാരായണ്‍ വിവാദത്തില്‍ ആസിഫ് അലി

തന്നെ പിന്തുണയ്‍ക്കുന്നത് മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമായി മാറരുത്; രമേശ് നാരായണ്‍ വിവാദത്തില്‍ ആസിഫ് അലി

തിരുവനന്തപുരം: രമേശ് നാരായണ്‍ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി. തനിക്ക് ജനങ്ങള്‍ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. തിരുവനന്തപുരം സെന്റ് അല്‍ബേർട്സ് കോളേജില്‍ പുതിയ സിനിമയുടെ പ്രചരണാർത്ഥം എത്തിയതായിരുന്നു ആസിഫ് അലി. തന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമായിരുന്നു ആസിഫ് അലിയുടെ പ്രതികരണം.

എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്‍പദമാക്കി മനോരഥങ്ങള്‍ എന്ന ആന്തോളജി സിനിമയുടെ പ്രമോഷണല്‍ ചടങ്ങിലായിരുന്നു വിവാദ സംഭവം. ട്രെയിലര്‍ ലോഞ്ചില്‍ മനോരഥങ്ങള്‍ എന്ന സിനിമയുടെ പ്രവര്‍ത്തകരെ ആദരിച്ചിരുന്നു. സ്വര്‍ഗം തുറക്കുന്ന സമയം എന്ന ചിത്രത്തില്‍ പണ്ഡിറ്റ് രമേശ്‌ നാരായണ്‍ ആയിരുന്നു സംഗീതം നല്‍കിയത്.

അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്‍കാരം നല്‍കാൻ ആദ്യം ക്ഷണിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാല്‍ ആസിഫ് പുരസ്‍കാരം നല്‍കിയപ്പോള്‍ താരത്തെ നോക്കാനോ ഹസ്‍തദാനം നല്‍കാനോ തയ്യാറായിരുന്നില്ല രമേശ്‌ നാരായണൻ. സംവിധായകൻ ജയരാജിനെ രമേശ്‌ നാരായണൻ വിളിക്കുകയും ഒന്നുകൂടി പുരസ്‍കാരം നല്‍കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ജയരാജ് പുരസ്‍കാരം നല്‍കി.

സംഭവം വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ല എന്നായിരുന്നു രമേശ്‌ നാരായണൻ വ്യക്തമാക്കിയത്. അങ്ങനെ തോന്നിയെങ്കില്‍ ആസിഫിനോട് ക്ഷമ ചോദിക്കുന്നുവെന്നും പിന്നീട് രമേശ് നാരായണൻ വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര നടൻ ആസിഫ് അലിയെ താൻ ഏറെ ബഹുമാനിക്കുന്നു എന്നും വ്യക്തമാക്കിയിരുന്നു.

TAGS : ASIF ALI | RAMESH NARAYANAN
SUMMARY : Actor Asif Ali reacts to the controversy related to Ramesh Narayanan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *