അയാള്‍ കൊല്ലുമെന്ന് അവള്‍ പറഞ്ഞു; യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അയാള്‍ കൊല്ലുമെന്ന് അവള്‍ പറഞ്ഞു; യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കഠിനംകുളത്തെ 30 കാരി ആതിരയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി യുവതിയുടെ ഭർത്താവ് വെളിപ്പെടുത്തി. വെഞ്ഞാറമൂട് സ്വദേശിയാണ് കൊല്ലപ്പെട്ട ആതിര. ഇന്നലെ രാവിലെ 11.30 യോടെ പൂജാരിയായ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

വീടിന് മുമ്പിൽ നിര്‍ത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും കാണാതായിരുന്നു. യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭര്‍ത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു.

രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണു രാജീവ് ക്ഷേത്ര ഭാരവാഹികളില്‍ ചിലരോടും പോലീസിനോടും ഇക്കാര്യം പറഞ്ഞത്. ഇതു പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്നും രാജീവ് വ്യക്തമാക്കി.

ആതിര കൂടുതല്‍ സമയം സമൂഹമാധ്യമത്തില്‍ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പോലീസിനു മൊഴി നല്‍കി. ആതിര സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്. ആതിരയുടെ സ്‌കൂട്ടറില്‍ തന്നെയാണു കൊലപാതകി കടന്നുകളഞ്ഞത്. ഈ സ്‌കൂട്ടര്‍ പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പ്രതി ട്രെയിനില്‍ കയറി സ്ഥലംവിട്ടെന്നാണു നിഗമനം. 4 സംഘങ്ങളായി തിരിഞ്ഞാണു പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ആതിരയുടെ കൊലപാതകം വിശദമായി ആസൂത്രണം ചെയ്താണു നടപ്പാക്കിയതെന്നാണു പോലീസിന്റെ നിഗമനം. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാന്‍ ഇയാള്‍ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതിന്റെ പകയാകാം കൊലപാതകത്തിനു കാരണമായതെന്നു പോലീസ് കരുതുന്നു.

തൊട്ടടുത്ത് വീടുകള്‍ ഉണ്ടെങ്കിലും ആതിരയുടെ നിലവിളിയോ ബഹളമോ ആരും കേട്ടില്ല. കൊല്ലാനുപയോഗിച്ച കത്തി കണ്ടെടുത്തു. കഴുത്തു മുറിഞ്ഞ നിലയിലാണ് മൃതദേഹം കട്ടിലില്‍ കിടന്നത്.

TAGS : CRIME
SUMMARY : Athira murder case: The police have launched an investigation to find the suspect

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *