തെളിവെടുപ്പിനിടെ പോലീസുകാരെ ബിയർ കുപ്പി പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവച്ച് വീഴ്ത്തി, സംഭവം മംഗളുരുവിൽ

തെളിവെടുപ്പിനിടെ പോലീസുകാരെ ബിയർ കുപ്പി പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവച്ച് വീഴ്ത്തി, സംഭവം മംഗളുരുവിൽ

ബെംഗളൂരു: തെളിവെടുപ്പിനിടെ പോലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് ബാങ്ക് കവർച്ചാക്കേസിലെ പ്രതി. ഒടുവില്‍ പ്രതിയെ വെടിവച്ച് വീഴ്ത്തി പോലീസ്. മംഗളൂരു ഉള്ളാള്‍ കൊട്ടേക്കര്‍ സഹകരണ ബേങ്ക് കവര്‍ച്ചക്കേസിലെ പ്രതി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. മംഗളൂരു പോലീസാണ് പ്രതിയെ വെടിവച്ചത്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തത്. കര്‍ണാടക-കേരള അതിര്‍ത്തിക്കു സമീപം തലപ്പാടി ഗ്രാമത്തിലെ ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട കറ്റുംഗര ഗുഡ്ഢയിലാണ് സംഭവം. കവർച്ച നടന്ന ബാങ്കിന് തൊട്ടടുത്തുള്ള സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പ്രതിയുടെ ആക്രമണമുണ്ടായത്. തൊട്ടടുത്ത് കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പോലീസുകാരെ കുത്തി രക്ഷപ്പെടാനായി ശ്രമിച്ചത്.

മുംബൈ ചെമ്പുര്‍ സ്വദേശിയാണ് പ്രതിയായ കണ്ണന്‍ മണി. ഇയാളുടെ കാലിലേക്കാണ് വെടിവച്ച് വീഴ്ത്തിയത്. തുടർന്ന് പോലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നു. കാലിന് പരുക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരുക്കേറ്റ മൂന്ന് പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനുവരി 15-നാണ് മുംബൈയിൽ നിന്ന് തിരുനെൽവേലി സ്വദേശി മുരുഗാണ്ടി തേവർ എന്ന ഒന്നാം പ്രതിയും മുംബൈയിൽ താമസിക്കുന്ന ജോഷ്വാ രാജേന്ദ്രനും കണ്ണൻ മണിയും ചേർന്ന് കാറോടിച്ച് മംഗളുരുവിലെത്തുന്നത്. ബാങ്ക് ഉണ്ടായിരുന്ന കെട്ടിടത്തിന് പുറത്തുള്ള സിസിടിവിയിൽ പതിഞ്ഞ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വണ്ടിയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. ഈ വാഹന നമ്പർ തേടി മുംബൈയിൽ അന്വേഷണം നടത്തിയ പോലീസിന് ജോഷ്വയുടെയും കണ്ണൻ മണിയുടെയും വിവരങ്ങൾ ലഭിച്ചു. പിന്നീട് മുരുഗാണ്ടി തേവരെന്നയാൾ ഇവരെ കാണാൻ മുംബൈയിലെത്തിയെന്ന വിവരവും കിട്ടി. അങ്ങനെയാണ് തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ തിരുനെൽവേലി പദ്മനേരിയിലെ മുരുഗാണ്ടി തേവരെ അന്വേഷിച്ച് പോലീസെത്തിയതും പ്രതികൾ പിടിയിലാവുന്നതും.

മോഷണത്തിന് പിന്നാലെ തലപ്പാടി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്ന പ്രതികൾ തിരുവനന്തപുരം വഴിയാണ് തിരുനെൽവേലിക്ക് പോയതെന്ന് റിപ്പോർട്ടുണ്ട്. ബാങ്കിൽ മോഷണത്തിന് പറ്റിയ സമയമടക്കം കണ്ടെത്തി കൊള്ള നടത്താൻ പ്രതികളെ സഹായിച്ചത് പ്രദേശവാസികളാകാമെന്നാണ് പോലീസിന്‍റെ സംശയം.
<BR>
TAGS : MANGALURU | ACCUSED SHOT BY POLICE
SUMMARY : Attempted escape by breaking a beer bottle while taking evidence

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *