കുട്ടികൾക്ക് സോഷ്യൽമീഡിയ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ; നിയമം ലംഘിക്കുന്നവര്‍ക്ക് 49.5 ദശലക്ഷം ഡോളര്‍ പിഴ

കുട്ടികൾക്ക് സോഷ്യൽമീഡിയ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ; നിയമം ലംഘിക്കുന്നവര്‍ക്ക് 49.5 ദശലക്ഷം ഡോളര്‍ പിഴ

മെൽബൺ: 16 വയസിൽ താഴെയുളള കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ. ഏറെ നാളത്തെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ബിൽ പാർലമെന്റിൽ പാസാക്കിയത്. ബിൽ 16 വയസിനു താഴെയുള്ള കുട്ടികൾ ആപ്പുകളിൽ‌ കയറുന്നത് തടയാൻ ടെക്ക് ഭീമന്മാരെ നിർബന്ധിതരാക്കുന്നു. ലോ​ഗിൻ ചെയ്യുന്നത് തടയാൻ കഴിഞ്ഞില്ലെങ്കിൽ 49.5 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 270 കോടി രൂപ) വരെ പിഴ ചുമത്തും. ഇത് നടപ്പാക്കുന്നതിനുള്ള ട്രയൽ ജനുവരിയിൽ ആരംഭിക്കും.

പിഴ നല്‍കേണ്ടത്, ഉപയോഗിക്കുന്നവരല്ല, മറിച്ച് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന കമ്പനിയാണ് എന്നതും ശ്രദ്ധേയമാണ്. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ കുട്ടികളെ സോഷ്യല്‍മീഡിയയില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്പനികള്‍ തന്നെ മുന്നിട്ട് ഇറങ്ങേണ്ടി വരും.

കുട്ടികളെ ഇത്തരത്തിൽ സോഷ്യൽമീഡിയ ഉപയോഗം വിലക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ്, ടിക് ടോക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലാണ് നിരോധനം.  ഫ്രാൻസും ചില യുഎസ് സംസ്ഥാനങ്ങളും മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ ആസ്ത്രേലിയയിലെ വിലക്ക് സമ്പൂർണമാണ്.

കഴിഞ്ഞ ബുധനാഴ്ച ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ലോവര്‍ ചേംബര്‍ അംഗീകരിച്ച ബില്‍ വ്യാഴാഴ്ച സെനറ്റും അംഗീകാരം നല്‍കുകയായിരുന്നു. കനത്ത പിഴ ഈടാക്കുന്ന നിയമം അവ്യക്തവും പ്രശ്‌നമുള്ളതുമാണെന്നാണ് സോഷ്യല്‍മീഡിയ കമ്പനികള്‍ വിശേഷിപ്പിച്ചത്.
<br>
TAGS : SOCIAL MEDIA |  BAN | AUSTRALIA
SUMMARY : Australia bans children from using social media; $ 49.5 million fine for those who violate the law

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *