ബെംഗളൂരു ടണൽ റോഡ് പദ്ധതി; ഡിപിആർ തയ്യാറാക്കിയ കമ്പനിക്ക് പിഴ ചുമത്തി

ബെംഗളൂരു ടണൽ റോഡ് പദ്ധതി; ഡിപിആർ തയ്യാറാക്കിയ കമ്പനിക്ക് പിഴ ചുമത്തി

ബെംഗളൂരു: ബെംഗളൂരു ടണൽ റോഡ് പദ്ധതിക്ക് വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ (ഡിപിആർ) തയ്യാറാക്കിയ കമ്പനിക്ക് പിഴ ചുമത്തി ബിബിഎംപി. ഡൽഹി ആസ്ഥാനമായി പ്രവൃത്തിക്കുന്ന റോഡിക് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് അഞ്ച് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഡിപിആറിൽ പിശകുകൾ ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് പിഴ ചുമത്തിയതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

നഗരത്തിലെ തിരക്കൊഴിവാക്കാൻ ആസൂത്രണം ചെയ്യുന്ന പദ്ധതിയുടെ ഡിപിആറിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിരുന്നു. ഹെബ്ബാൾ മേൽപ്പാലത്തെ സിൽക്ക് ബോർഡ് ജംഗ്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ടണൽ റോഡ് പദ്ധതി. പദ്ധതിക്കെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് ഡിപിആറിൽ പിഴവ് സംഭവിച്ച വിവരങ്ങൾ പുറത്തുവന്നത്.

9.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഡിപിആറിൽ മഹാരാഷ്ട്രയിലെ നഗരങ്ങളായ മാലേഗാവ്, നാസിക് എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെട്ടതായി ബിബിഎംപി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മാലേഗാവ്, നാസിക് എന്നിവടങ്ങളിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള നിർദേശങ്ങളാണ് ഉൾപ്പെട്ടിരുന്നത്. മാലൂർ റോഡ്, ഗുട്ടഹള്ളി മെയിൻ റോഡ്, എൻആർ റോഡ് എന്നിവിടങ്ങളിലെ ഗതാഗത സൗകര്യങ്ങൾ വ്യക്തമാക്കുന്ന ഭാഗത്ത് മാലേഗാവ്, നാസിക് എന്നീ ഭാഗങ്ങളെക്കുറിച്ചാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചത്.

ഡിപിആറിലെ പിഴവ് വളരെ ഗൗരവകരമാണെന്ന് ബിബിഎംപി എഞ്ചിനീയർ ഇൻ ചീഫ് ബി.എസ്. പ്രഹ്ലാദ് പറഞ്ഞു. റിപ്പോർട്ടിൽ പിഴവ് സംഭവിച്ചതിൽ റോഡിക് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ക്ഷമാപണം നടത്തിയിരുന്നു. കമ്പനിക്കെതിരെ അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | TUNNEL ROAD PROJECT
SUMMARY: BBMP penalises consultants after botch-up of Nashik, Malegaon on Bengaluru tunnel road DPR

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *