ബെൽത്തങ്ങാടിയില്‍ റിട്ട. അധ്യാപകന്‍റെ കൊലപാതകം; കാസറഗോഡ് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

ബെൽത്തങ്ങാടിയില്‍ റിട്ട. അധ്യാപകന്‍റെ കൊലപാതകം; കാസറഗോഡ് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു: ബെല്‍ത്തങ്ങാടി ബെലാലുവില്‍ റിട്ട. അധ്യാപകന്‍ ബാലകൃഷ്ണ ബാഡേകില്ലയയെ (83) കൊലപ്പെടുത്തിയ കേസില്‍ കാസറഗോഡ് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ടയാളുടെ മരുമകനെയും പേരക്കുട്ടിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാലകൃഷ്ണയുടെ പേരക്കുട്ടിയും പൂജാരിയുമായ കാസറഗോഡ് ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുരളികൃഷ്ണ (21), ഇയാളുടെ പിതാവ് കര്‍ഷകനും ജ്യോത്സനുമായ രാഘവേന്ദ്ര വി കെഡിലായ (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 20നാണ് ബാലകൃഷ്ണയെ വീട്ടുവളപ്പില്‍ വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ബാലകൃഷ്ണയുടെ ഭാര്യയും റിട്ട. അധ്യാപികയുമായ പരേതയായ യു ലീല (75) യുടെ സ്വര്‍ണാഭരണങ്ങള്‍ മകള്‍ വിജയലക്ഷ്മിയ്ക്ക് നല്‍കിയിരുന്നില്ല. സ്വത്തുവീതി പങ്കിടാത്തതിനാലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രതികളായ അച്ഛനും മകനും കാസറഗോട്ടെ വീട്ടില്‍ നിന്ന് സ്‌കൂട്ടറിലാണ് വെട്ടുകത്തിയുമായി സ്ഥലത്തെത്തിയത്. സംഭവദിവസം ബാലകൃഷ്ണയുടെ ഇളയമകന്‍ സുരേഷ് ഭട്ട് ജോലിക്കായി പുത്തൂരിലേക്ക് പോയി. ഈ സമയത്താണ് ഇരുവരും ചേര്‍ന്ന് ബാലകൃഷ്ണയെ കൊലപ്പെടുത്തിയത്.

ധര്‍മസ്ഥല പോലീസ് കാസറഗോട്ടെ വീട്ടിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തതിനു ശേഷമാണ് കൊലപാതകത്തിന് പിന്നിലുള്ള രഹസ്യങ്ങള്‍ വെളിപ്പെട്ടത്. ബാലകൃഷ്ണയുടെ ചെറുമകന്‍ സുരേഷ് ഭട്ടിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഇരുവരും മൊഴി നല്‍കി. ബാലകൃഷ്ണയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് ഭട്ട് വരുന്നത് വരെ വീട്ടില്‍ കാത്തിരുന്നു. വരാത്തതിനെ തുടര്‍ന്ന് 50,000 രൂപ വിലമതിക്കുന്ന രണ്ട് ബോണ്ട് പേപറുകളും ചില രേഖകളും കൊണ്ട് സ്‌കൂടറില്‍ വീട്ടിലേക്ക് മടങ്ങി.

അതേസമയം വിജയലക്ഷ്മിക്ക് അവരുടെ ഭര്‍ത്താവും മകനും ചേര്‍ന്ന് സ്വന്തം അച്ഛനെ കൊലപ്പെടുത്തിയ കാര്യം അറിയില്ലായിരുന്നു. ധര്‍മസ്ഥല പോലീസ് വീട്ടിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് അവര്‍ക്ക് കാര്യം അറിയുന്നത്. കൊലപാതകം നടന്നയുടന്‍ മംഗളൂരുവില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തിയിരുന്നു. ഇതോടെ പോലീസിന് ആദ്യ സൂചനകള്‍ ലഭിച്ചു. എല്ലാ കുടുംബാംഗങ്ങളുടെയും മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ചും പോലീസ് അന്വേഷണം നടത്തി. ഇതോടെയാണ് കുറ്റകൃത്യത്തിന് പിന്നില്‍ ഇരുവരുമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
<br>
TAGS : CRIME | BELTANGADY
SUMMARY : Beltangady. Murder of retired teacher. Two arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *