ബെംഗളൂരു വിമാനത്താവളത്തിൽ ഇലക്ട്രിക് ടാക്സി സേവനം ആരംഭിച്ചു

ബെംഗളൂരു വിമാനത്താവളത്തിൽ ഇലക്ട്രിക് ടാക്സി സേവനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (ബിഐഎഎൽ) സ്വകാര്യ സ്ഥാപനമായ റെഫെക്സ് ഇ വീൽസും ചേർന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്കായി ഇലക്ട്രിക് ടാക്സി സേവനം ആരംഭിച്ചു.

എയർപോർട്ട് ടാക്സി സ്റ്റാൻഡുകളിലും, ടെർമിനൽ രണ്ടിലും, ബിഎൽആർ പൾസ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും യാത്രക്കാർക്ക് ഇനി ഇലക്‌ട്രിക് എയർപോർട്ട് ടാക്‌സികൾ ബുക്ക്‌ ചെയ്യാം.

ആദ്യ 4 കിലോമീറ്ററിന് 100 രൂപയും അധിക കിലോമീറ്ററിന് 24 രൂപയുമാണ് നിരക്ക്. യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ റൈഡുകൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ എംഡിയും സിഇഒയുമായ ഹരി മാരാർ പറഞ്ഞു. നിലവിൽ വിമാനത്താവളത്തിൽ 1,300 എയർപോർട്ട് ക്യാബുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് യാത്രക്കാർക്കായി 175 ഇലക്ട്രിക് എയർപോർട്ട് ടാക്സികൾ കൂടി പുറത്തിറക്കിയിട്ടുള്ളത്.

വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റാൻ പദ്ധതിയിടുന്നതായി മാരാർ പറഞ്ഞു. ഇതിനകം ബാറ്ററി-റൺ സെമി-റോബോട്ടിക് എയർക്രാഫ്റ്റ് ടോവിംഗ് വാഹനങ്ങൾ വിമാനത്താവളത്തിലുണ്ട്. കൂടാതെ ടെർമിനലുകൾക്കിടയിലും എയർസൈഡിലും സർവീസ് നടത്തുന്ന സൗജന്യ ഷട്ടിൽ ഇലക്ട്രിക് ബസുകളും ഉണ്ട്.

പുതിയ ഇലക്ട്രിക് ടാക്സി സേവനം ഉപയോഗിക്കുന്ന ഓരോ യാത്രക്കാരനും ഡ്യൂട്ടി മാനേജർ, ലോക്കൽ പോലീസ്, ആംബുലൻസ് സേവനങ്ങൾ എന്നിവയ്ക്കായി എമർജൻസി കോൺടാക്റ്റ് നമ്പറുകൾ അടങ്ങിയ കോംപ്ലിമെൻ്ററി പിങ്ക് കാർഡ് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *