ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കും

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഈ വർഷം അവസാനത്തോടെ തുറക്കാൻ ദേശീയ പാത വികസന അതോറിറ്റി പദ്ധതിയിട്ടിരുന്നെങ്കിലും നിരവധി കാരണങ്ങളാൽ വൈകുകയായിരുന്നു. കർണാടകയിലുള്ള ഹോസ്കോട്ടിനും കെജിഎഫിനും (ബേതമംഗല) ഇടയിലുള്ള 68 കിലോമീറ്റർ ഭാഗം അടുത്തിടെ എൻഎച്ച്എഐ തുറന്നിരുന്നു. പാതയിലൂടെ പ്രതിദിനം 1,600 മുതൽ 2,000 വരെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണ് വിലയിരുത്തൽ.

കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 260 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പാത. 120 കിലോമീറ്റർ വേഗതയിൽ പാതയിലൂടെ സഞ്ചരിക്കാം. ചെന്നൈയ്ക്ക് സമീപമുള്ള ശ്രീപെരുമ്പുത്തൂർ വരെയാണ് അലൈൻമെന്റ്. കർണാടകയിൽ രണ്ട് ടോൾ പ്ലാസകളാണ് ഉണ്ടാകുക. മൂന്ന് ഘട്ടങ്ങളിലായാണ് കർണാടകയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയുടെ നിർമാണം.

ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് എക്‌സ്പ്രസ്‌വേ എന്നറിയപ്പെടുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പദ്ധതിയുടെ ചെലവ് 17,900 കോടി രൂപയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ നിന്ന് വെറും മൂന്ന് മണിക്കൂറായി കുറയും. ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ എന്നിവയ്ക്ക് എക്സ്പ്രസ് വേയിൽ അനുമതി ഉണ്ടായിരിക്കില്ല. പദ്ധതി ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള ബിസിനസ് വർധിപ്പിക്കുമെന്ന് നിലവിലുള്ള ഹൈവേയിലെ ഗതാഗതം കുറയ്ക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

TAGS: BENGALURU CHENNAI EXPRESSWAY
SUMMARY: Bengaluru – chennai expressway to open by 2026

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *