ഇൻവെസ്റ്റ്‌ കർണാടക നിക്ഷേപക സംഗമത്തിന് തുടക്കമായി

ഇൻവെസ്റ്റ്‌ കർണാടക നിക്ഷേപക സംഗമത്തിന് തുടക്കമായി

ബെംഗളൂരു: ഇൻവെസ്റ്റ്‌ കർണാടക ആഗോള നിക്ഷേപക സംഗമത്തിന് ബെംഗളൂരുവിൽ തുടക്കമായി. ഫെബ്രുവരി 14 വരെ നീളുന്ന നിക്ഷേപകസംഗമം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരാണ് പങ്കെടുക്കുന്നത്. ഇന്ത്യയിൽ നിക്ഷേപം നടത്താനെത്തുന്നവർക്ക് ഇപ്പോൾ ചുവപ്പുനാടയുടെ കുരുക്കില്ലെന്നും അവർക്ക് സർക്കാർ ചുവപ്പുപരവതാനി വിരിച്ചുകൊടുക്കുമെന്നും ഉദ്ഘാടനത്തിനിടെ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഐ.ടി., സോഫ്റ്റ്‌വേർ വ്യവസായങ്ങളുടെ ഹബ്ബായ ബെംഗളൂരു ഇപ്പോൾ നിർമിതബുദ്ധിയുടെ (എഐ) കേന്ദ്രമായും വളരുകയാണെന്ന് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാജ്യത്തിന്റെ സാമ്പത്തികരംഗം ശക്തിപ്പെടുത്താനായി ഒരുമിച്ചുപ്രവർത്തിക്കേണ്ട കാലമാണിതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വ്യവസായമന്ത്രി എം.ബി. പാട്ടീൽ, വിവിധസംസ്ഥാനങ്ങളിലെ മന്ത്രിമാർ, വ്യവസായമേഖലയിലെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംഗമത്തില്‍ പങ്കെടുക്കാന്‍ രണ്ടായിരത്തിലധികം നിക്ഷേപകര്‍ ബെംഗളൂരുവിൽ എത്തിയതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. വിവിധ വിഷയങ്ങളില്‍ 60 പേരാണ് അടുത്ത മൂന്ന് ദിവസങ്ങളിൽ സംസാരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് പരിപാടിക്ക് തുടക്കമായത്. ഒന്‍പത് രാജ്യങ്ങള്‍ അവരുടെ വ്യവസായങ്ങളുടെയും നിക്ഷേപങ്ങളുടെയും സാധ്യതകള്‍ വിവരിച്ചുകൊണ്ടുള്ള സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളും ഇത്തവണത്തെ സംഗമത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. റീ ഇമേജിങ് ഗ്രോത്ത് എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ നിക്ഷേപക സംഗമം. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള പുതിയ വ്യവസായ നയം സംഗമത്തില്‍ പുറത്തിറക്കും. കുമാര്‍ ബിര്‍ള, ആനന്ദ് മഹീന്ദ്ര, കിരണ്‍ മജുംദാര്‍-ഷാ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര ബിസിനസ്സ് നേതാക്കള്‍ പരിപാടിയുടെ ഭാഗമാകും.

TAGS: KARNATAKA
SUMMARY: Defence Minister Rajnath Singh inaugurates Invest Karnataka-2025 meet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *