ഏപ്രിൽ മുതൽ ബെംഗളൂരു കടുത്ത ജലക്ഷാമത്തിലേക്കെന്ന് പഠന റിപ്പോർട്ട്‌

ഏപ്രിൽ മുതൽ ബെംഗളൂരു കടുത്ത ജലക്ഷാമത്തിലേക്കെന്ന് പഠന റിപ്പോർട്ട്‌

ബെംഗളൂരു: ഏപ്രിൽ മുതൽ ബെംഗളൂരുവിലെ താമസക്കാർ കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന് പഠന റിപ്പോർട്ട്‌. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വൈറ്റ്ഫീൽഡ് ഉൾപ്പടെയുള്ള ബെംഗളൂരുവിലെ ചില ഭാഗങ്ങൾ കടുത്ത ജലപ്രതിസന്ധി നേരിടുമെന്നാണ് റിപ്പോർട്ടിലുള്ളത്. ഭൂഗർഭജലത്തെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സൗത്ത് – ഈസ്റ്റ്‌ ബെംഗളൂരു, വൈറ്റ്ഫീൽഡ്, പെരിഫറൽ റിങ് റോഡ് സോണുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ആണ് കനത്ത ജലക്ഷാമത്തെ അഭിമുഖീകരിക്കുവനൊരുങ്ങുന്ന സ്ഥലങ്ങൾ.

110 ഗ്രാമങ്ങൾ ഉൾപ്പെടെ നഗരത്തിലെ 80 വാർഡുകൾ ഭൂഗർഭജലത്തെ വളരെയധികം ആശ്രയിക്കുന്നുവെന്നും ഇക്കരണത്താൽ തന്നെ അവിടെയുള്ളവർക്ക് വേനലിൽ മറ്റിടങ്ങളേക്കാൾ കൂടുതൽ ജലക്ഷാമത്തിന് സാധ്യതയുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. 110 ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് 20-25 മീറ്റർ കുറയുമെന്ന് കരുതുന്നതായും പഠനം സൂചിപ്പിച്ചു. സെൻട്രൽ ബെംഗളൂരുവിൽ ഭൂഗർഭജലനിരപ്പ് ഏകദേശം 5 മീറ്ററിലേക്കും സിഎംസി- സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ 10-15 മീറ്ററിലേക്കും 110 ഗ്രാമങ്ങളിൽ 20-25 മീറ്ററിലേക്കും താഴ്ന്നേക്കും.

നിലവിൽ 800 എംഎൽഡി (പ്രതിദിനം ദശലക്ഷം ലിറ്റർ) വെള്ളമാണ് നഗരത്തിലുടനീളം കുഴൽക്കിണറുകളിൽ നിന്ന് എടുക്കുന്നത്. കെആർ പുരം, മഹാദേവപുര തുടങ്ങിയ പെരിഫറൽ ഏരിയകളിൽ ഫെബ്രുവരിയിൽ തന്നെ ഭൂഗർഭജലനിരപ്പ് കുറഞ്ഞേക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നഗരത്തിലെ സ്ഥലങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും പഠനത്തിൽ വ്യക്തമാക്കി.

TAGS: BENGALURU | WATER SCARCITY
SUMMARY: Bengaluru to dip again into water scarcity

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *