ബിജെപി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു

ബിജെപി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു

പാറ്റ്‌ന: ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ കോട്ടയം സ്വദേശിയായ ജെസ്സി ജോർജ്. ബിഹാറിൽ ബിജെപിയുടെ മുൻനിര നേതാവായിരുന്നു. ഇത്തവണ ലോക്സഭാ തെരഞ്ഞെ‌ടുപ്പിൽ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും രോഗബാധിതനായതോടെ വിട്ടുനിന്നു.

ജെഡിയുമായി സഖ്യത്തിലെത്തി രൂപീകരിച്ച രണ്ട് സംസ്ഥാന സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. രാജ്യസഭാ എംപിയായിരുന്ന സുശീല്‍ കുമാര്‍ മോദിയുടെ കാലാവധി ഈയടുത്താണ് അവസാനിച്ചത്. നിതീഷ് കുമാറുമായി മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നത്. നിതീഷ് ഇന്‍ഡ്യ മുന്നണി വിട്ട് എന്‍ഡിഎയിലേക്ക് എത്തുന്നതില്‍ സുശീല്‍ കുമാര്‍ മോദി മികച്ച പങ്ക് വഹിച്ചതായാണ് പറയപ്പെടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ താരപ്രചാരകനായും പ്രകടന പത്രിക കമ്മറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കാന്‍സര്‍ രോഗബാധിതനായതിനാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉണ്ടാവില്ലെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞിരുന്നു.

രാജ്യസഭാ കാലാവധി അവസാനിച്ചതിനുശേഷം വീണ്ടും ടിക്കറ്റ് നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ലോക്സഭാ സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു സൂചന. എന്നാൽ, രോ​ഗം മൂർച്ഛിച്ചതോടെ വിട്ടുനിന്നു. നാലു സഭകളിലും അംഗമെന്ന അപൂർവ നേട്ടത്തിന് ഉടമയാണ് സുശീൽ മോദി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *