വാഷിംഗ്ടൺ വിമാന അപകടം; യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

വാഷിംഗ്ടൺ വിമാന അപകടം; യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

വാഷിംഗ്ടൺ: യുഎസിൽ യാത്രാവിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. പോട്ടോമാക് നദിയിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അപകടകാരണത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തത വരുത്താൻ ഇതിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതുവരെ 28 മൃതദേഹങ്ങളാണ് പോട്ടോമാക് നദിയിൽ നിന്ന് കണ്ടെടുത്തത്.

അപകടത്തിനിരയായവരുടെ മൃതദേഹങ്ങൾക്കായി മുങ്ങൽ വിദഗ്ധർ പോട്ടോമാക് നദിയിൽ  നടത്തിയ തെരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. നദിയിൽ പതിച്ച വിമാനത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്ത ശേഷം തിരച്ചിൽ തുടരാനാണ് നീക്കം. യുഎസ് തീരസംരക്ഷണ സേനയുടെ സഹായത്തോടെ വിമാന ഭാഗങ്ങൾ നദിയിൽ നിന്ന് കണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിനിടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടുകിട്ടാൻ സാദ്ധ്യതയുണ്ടെന്നും രക്ഷാപ്രവർത്തകർ കണക്കുകൂട്ടുന്നു. ഇവ നീക്കം ചെയ്ത ശേഷം അവശേഷിക്കുന്ന മൃതദേഹങ്ങൾക്കായി മുങ്ങൽ വിദഗ്ധരുടെ പരിശോധന തുടരും.

നദിയിൽ മുങ്ങി നടത്തുന്ന തിരച്ചിലിന് വിമാനത്തിന്റെ കൂറ്റൻ ലോഹഭാഗങ്ങൾ തടസം സൃഷ്ടിക്കുകയും ഡൈവേഴ്‌സിന്റെ ജീവൻ അപകടത്തിലാക്കാനുള്ള സാധ്യതയും പരിഗണിച്ചാണ് തീരുമാനം. നദിയുടെ ഉപരിതലത്തിൽ ബോട്ടുകളിൽ പരിശോധന തുടരുന്നുണ്ട്. യാത്രാവിമാനത്തിൽ 64 പേരും ഹെലികോപ്ടറിൽ മൂന്ന് പേരുമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 2009 ന് ശേഷം യുഎസിലുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തമാണിത്. വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിലേക്ക് വന്ന യാത്രാ വിമാനമാണ് സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചത്.

TAGS: WORLD | ACCIDENT
SUMMARY: Blackbox for passenger flight crashed in us found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *