ഐഎസ്എൽ; നിരാശയോടെ മടങ്ങി ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ്‌ ബംഗാളിന്റെ വിജയം 2-1ന്

ഐഎസ്എൽ; നിരാശയോടെ മടങ്ങി ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ്‌ ബംഗാളിന്റെ വിജയം 2-1ന്

കൊൽക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എവേ മാച്ചില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയോട് 2-1ന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വീണ്ടും നിരാശപ്പെടുത്തി. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മലയാളി താരങ്ങളായ വിഷ്ണുവും ഹിജാസിയും നേടിയ ഗോളുകളാണ് കേരളത്തിന്റെ വിജയസ്വപ്‌നങ്ങള്‍ തകർത്തത്. അവാസന നിമിഷങ്ങളില്‍ പൊരുത്തിക്കളിച്ച കേരളം ഡാനിഷ് ഫാറൂഖിയിലൂടെ ഏക ഗോള്‍ കണ്ടെത്തി ബംഗാളിന്റെ ക്ലീന്‍ ഷീറ്റ് ഇല്ലാതാക്കിയത് മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകനേട്ടം.

ബ്ലാസ്‌റ്റേഴ്‌സുമായി കൊച്ചിയില്‍ നടന്ന മത്സരത്തിലേറ്റ പരാജയത്തിന് അതേ സ്‌കോറില്‍ മറുപടി നല്‍കാനായി ഈസ്റ്റ് ബംഗാളിന് സാധിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ ബംഗാള്‍ ആണ് കളിക്കളത്തില്‍ മികവ് പുലര്‍ത്തിയത്. ഇരുപതാം മിനിറ്റില്‍ മലയാളി താരം വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാള്‍ ആദ്യ ഗോള്‍ നേടി.

ഭേദപ്പെട്ട പ്രതിരോധ നിരയുമായി എത്തിയ ബംഗാള്‍ കളിയുടെ മുഴുവന്‍ സമയവും കേരളത്തിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി ചെറുക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് ബംഗാള്‍ തങ്ങളുടെ ലീഡ് ഉയര്‍ത്തുന്നത്. 72-ാം മിനിറ്റില്‍ ഹിജാസിയുടെ ഹെഡര്‍ ബ്ലാസ്റ്റേഴ്സ് വലയിലേക്ക് തുളഞ്ഞുകയറി. 84-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ഗോള്‍. ഡാനിഷിലൂടെ ഒരു ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചെങ്കിലും സമനില ഗോള്‍ സ്വന്തമാക്കാന്‍ ടീമിനായില്ല. നിലവിൽ പതിനെട്ട് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ് കേരളം. ആദ്യ ആറ് സ്ഥാനങ്ങളില്‍ ഇടംനേടിയാല്‍ മാത്രമേ പ്ലേ ഓഫ് അവസരമുണ്ടാകൂ.

TAGS: SPORTS | FOOTBALL
SUMMARY: Kerala blasters loose to East Bengal in ISL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *