ആധാർ കാർഡിലെ വിവരങ്ങൾ തമിഴിൽ; വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

ആധാർ കാർഡിലെ വിവരങ്ങൾ തമിഴിൽ; വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

ബെംഗളൂരു: ആധാർ കാർഡിലെ വിവരങ്ങൾ തമിഴ് ഭാഷയിലായതിനെ തുടർന്ന് വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ബെംഗളൂരു വിലാസമുള്ള ആധാർ കാർഡിലാണ് തമിഴിൽ വിവരങ്ങൾ ഉൾപെടുത്തിയത്. സെൻ്റ് ജോസഫ് കോളേജ് ഓഫ് കൊമേഴ്‌സിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. ലിംഗരാജപുരത്തെക്ക് പോകുന്നതിനായി വെള്ളിയാഴ്ച രാവിലെ 11.30 ഓടെ ശിവാജിനഗറിൽ നിന്ന് 290ഇ ബസിലാണ് വിദ്യാർഥിനി കയറിയത്.

ശക്തി സ്കീമിന് കീഴിൽ സൗജന്യ യാത്രക്കായുള്ള സീറോ ടിക്കറ്റ് ആണ് വിദ്യാർഥിനി ആവശ്യപ്പെട്ടത്. എന്നാൽ ആധാർ കാർഡിൽ തമിഴിൽ വിവരങ്ങൾ കണ്ടതിനെ തുടർന്ന് സീറോ ടിക്കറ്റ് നൽകാനാവില്ലെന്നും, പൈസ നൽകണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു.

ചെന്നൈയിൽ നിന്നാണ് ആധാറിന് അപേക്ഷ സമർപ്പിച്ചതെന്നും ഇക്കാരണത്താലാണ് തമിഴിൽ വിവരങ്ങൾ ഉള്ളതെന്നും, വിലാസം ബെംഗളൂരുവിലെതാണെന്നും വിദ്യാർഥിനി പറഞ്ഞെങ്കിലും കണ്ടക്ടർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് ഇയാൾ വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. സംഭവത്തെ തുടർന്ന് വിദ്യാർഥിനിയുടെ പിതാവ് പോലീസിലും ബിഎംടിസി ഓഫിസിലും പരാതി നൽകി.

പ്രശ്നം പരിഹരിക്കുന്നതിനായി വിജിലൻസ് സംഘം പിതാവിനെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിഎംടിസി മാനേജിംഗ് ഡയറക്ടർ രാമചന്ദ്രൻ ആർ. പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാ കണ്ടക്ടർമാരെയും ബോധവൽക്കരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

TAGS: BENGALURU | BMTC
SUMMARY: BMTC conductor forces student off bus over Tamil Aadhaar card

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *