ന്യൂയോർക്കിൽ വെടിവയ്പ്പ്; യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ സിഇഒ ബ്രയാന്‍ തോംസണ്‍ വെടിയേറ്റ് മരിച്ചു

ന്യൂയോർക്കിൽ വെടിവയ്പ്പ്; യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ സിഇഒ ബ്രയാന്‍ തോംസണ്‍ വെടിയേറ്റ് മരിച്ചു

ന്യൂയോര്‍ക്ക്: യുഎസ് ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ തലവന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിയേറ്റു മരിച്ചു. മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ഹില്‍ട്ടണ്‍ ഹോട്ടലിന് പുറത്താണ് ബ്രയാന്‍ തോംപ്സണ് നെഞ്ചില്‍ വെടിയേറ്റത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 50 വയസ്സാണ് പ്രായം.

വെടിവെച്ചവരില്‍ ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. വെടിവെച്ചതെന്ന് സംശയിക്കുന്നയാള്‍ സ്‌കീ മാസ്‌കും ക്രീം ജാക്കറ്റും ധരിച്ച് പുറത്ത് തോംപ്‌സണായി കാത്തിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് കണ്ടെത്തി. കറുത്ത മുഖാവരണും ക്രീം നിറത്തിലുള്ള ജാക്കറ്റും കറുപ്പും വെളുപ്പും നിറത്തിലുള്ള സ്‌നീക്കേഴ്‌സുമാണ് കൊലയാളി ധരിച്ചിരുന്നത്. ചാരനിറത്തിലുള്ള ബാഗും ഇയാൾ ധരിച്ചിട്ടുണ്ട്. തോംപ്‌സണെ ദൂരെ നിന്നും കണ്ട കൊലയാളി തുടർച്ചയായി തോംപ്‌സണ് നേരെ വെടിവയ്ക്കുകയായിരുന്നു. ഒന്നിലധികം തവണ തോംപ്‌സണ് വെടിയേറ്റു. തുടർന്ന് കൊലയാളി മോട്ടോർസൈക്കിളിൽ കയറി രക്ഷപ്പെടുകയായിരുന്നു.

വെടിവെപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെങ്കിലും പ്രതിയുടെ ഉദ്ദേശ്യം അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അക്രമി മോഷണത്തിന് വേണ്ടിയല്ല കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്. തോംപ്‌സണില്‍ നിന്നും ഒന്നും എടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

2021 ഏപ്രിലിലാണ് യുണൈറ്റഡ് ഹെല്‍ത്ത്കെയറിന്റെ ചീഫ് എക്സിക്യൂട്ടീവായി തോംസണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം 10.2 മില്യന്‍ ഡോളറാണ് ഈ ജോലിയില്‍ നിന്നും നേടിയത്.

2004-ല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രൊവൈഡറില്‍ തുടങ്ങിയ അദ്ദേഹം കമ്പനിയുടെ ഗവണ്‍മെന്റ് പ്രോഗ്രാമുകളുടെ ഡിവിഷന്‍ സി ഇ ഒ ഉള്‍പ്പെടെ ഒന്നിലധികം നേതൃത്വ റോളുകള്‍ വഹിച്ചിട്ടുണ്ട്.

യു എസിലെ ഏറ്റവും വലിയ സ്വകാര്യ ഇന്‍ഷുറര്‍ ആണ് യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍. യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ മാതൃ കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത് ഗ്രൂപ്പ് വെടിവെപ്പ് വിവരം അറിഞ്ഞതിന് പിന്നാലെ നിക്ഷേപക സമ്മേളനം റദ്ദാക്കിയതായി യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
<BR>
TAGS : SHOT DEAD | AMERICA
SUMMARY : Brian Thompson, CEO of US insurance company UnitedHealthcare, was shot dead.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *